ജില്ലയിൽ മഴ ശക്തമാകുന്നു, കിഴക്കൻ മേഖലകളിലുൾപ്പടെ കനത്ത മഴ.


കോട്ടയം: ജില്ലയിൽ മഴ വീണ്ടും ശക്തമാകുന്നു. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായി തുടരുകയാണ്. ജില്ലയുടെ കിഴക്കൻ മേഖലകളിലും കനത്ത മഴയാണ് പെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് ഇടവിട്ടുള്ള കനത്ത മഴ ആരംഭിച്ചത്.

കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എരുമേലി തുടങ്ങിയ ജില്ലയുടെ കിഴക്കൻ മേഖലകളിൽ ഇടവിട്ട് കനത്ത മഴയാണ് പെയ്യുന്നത്. ചുഴലിക്കാറ്റിന്റെ പ്രഭാവത്തെ തുടർന്ന് സംസ്ഥാനത്ത് കോട്ടയം ഉൾപ്പടെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. രാവിലെ മുതൽ ജില്ലയുടെ കിഴക്കൻ മേഖലകളിൽ ഒറ്റപ്പെട്ട കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കിഴക്കൻ മേഖലകളിൽ മഴ കനത്തതോടെ മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു. ഇന്നലെയുണ്ടായ ശക്തമായ മഴയിൽ മീനച്ചിലാറ്റിലും ജലനിരപ്പ് ഉയർന്നു. താഴ്ന്ന പ്രദേശങ്ങളിൽ വിവിധയിടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊടുങ്ങൂർ വാഴൂർ മേഖലയിൽ ശക്തമായ കാറ്റ് നാശം വിതച്ചിരുന്നു.