തെളിനീരൊഴുകും നവകേരളം: കോട്ടയം ജില്ലയിൽ നിന്നും ശേഖരിച്ചത് 3151 സാമ്പിളുകൾ.


കോട്ടയം: ജലാശയങ്ങൾ മാലിന്യമുക്തമാക്കി സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന 'തെളിനീരൊഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ജലാശയങ്ങളിൽ നിന്നുള്ള 3151 ജലസാമ്പിളുകൾ ശേഖരിച്ചു.

ശേഖരിച്ച ജലസാമ്പിളുകളിലെ ഇ-കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം പരിശോധിക്കും. ഇതിന്റെ ഭാഗമായി മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജലനടത്തം സംഘടിപ്പിച്ചിട്ടുണ്ട്. ഇ- കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുള്ള ജലാശയങ്ങളിലേക്ക് വീടുകളിൽ നിന്നോ ഫാക്ടറികളിൽ നിന്നോ മാലിന്യക്കുഴലുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കും.





ആദ്യഘട്ട ശുചീകരണ പ്രവർത്തനങ്ങൾ ജില്ലയിലെ 42 തദേശ സ്വയംഭരണസ്ഥാപനങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ശുചിത്വമിഷൻ, ഹരിതകേരളം മിഷൻ എന്നിവയുമായി സഹകരിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. എൻ.എസ്.എസ് വോളണ്ടിയേഴ്സ്, സന്നദ്ധ സംഘടനകൾ, തൊഴിലുറപ്പു - കുടുംബശ്രീ പ്രവർത്തകൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.