തിരുവനന്തപുരം: കോവിഡ് സാഹചര്യത്തിലും ആശുപത്രികളുടെ വികസനത്തിനായി സർക്കാർ വലിയ പ്രാധാന്യമാണ് നൽകിയതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആർദ്രം മിഷൻ രണ്ടാം ഘട്ട പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
എല്ലാവർക്കും വാക്സിൻ നൽകി സുരക്ഷിതമാക്കാനാണ് ശ്രമിച്ചത്. ഇതിനായി പ്രത്യേക യജ്ഞങ്ങൾ നടത്തി. സുപ്രീം കോടതി നിർദേശപ്രകാരം കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശങ്ങളനുസരിച്ച് ഓൺലൈനായി കോവിഡ് മരണം റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് കേരളം. ഇതിനെ സുപ്രീം കോടതി പോലും അഭിനന്ദിച്ചിരുന്നു. ആരോഗ്യ മേഖലയുടെ സുസ്ഥിര വികസനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. ക്ഷയരോഗ നിർമാർജനത്തിന് ദേശീയ തലത്തിൽ കേരളത്തിന് മാത്രമാണ് വെള്ളിമെഡൽ പുരസ്‌കാരം ലഭിച്ചത്.
കഴിഞ്ഞ സർക്കാർ തുടങ്ങിവച്ച പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും പുതിയ പല പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുകയും ചെയ്തു. നവകേരളം കർമ്മപദ്ധതി രണ്ടിന്റെ ഭാഗമായി 10 പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. അതിൽ സുപ്രധാനങ്ങളായ മൂന്ന് പദ്ധതികളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. കാൻസർ പ്രതിരോധ പദ്ധതി എല്ലാ ജില്ലകളിലും നടപ്പിലാക്കും. ഹബ്ബ് ആന്റ് സ്പോക്ക് മാതൃകയിൽ നാട്ടിൻപുറം ഉൾപ്പെടെ പരിശോധനാ സംവിധാനം വർധിപ്പിക്കും. മനുഷ്യരുടേയും മൃഗങ്ങളുടേയും പ്രകൃതിയുടേയും ആരോഗ്യം ഉറപ്പ് വരുത്താനാണ് ഏകാരോഗ്യം പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ജീവിതശൈലീ രോഗങ്ങൾ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും വലിയ ചുവടുവയ്പ്പുകളാണ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.