ഓണ്‍ലൈൻ ലോണ്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കുക; ജില്ലാ പോലീസ് മേധാവി.


കോട്ടയം: ഓണ്‍ലൈൻ ലോണ്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ പോലീസ് മേധാവി ഡി.ശില്പ പറഞ്ഞു. മൊബൈൽ ഫോൺ മുഖേന വളരെ എളുപ്പത്തിൽ നടപടിക്രമങ്ങളില്ലാതെ  ലോൺ എടുക്കാമെന്നുള്ളതുകൊണ്ട് കൂടുതൽ പേരും ലോൺ ആപ്ലിക്കേഷനുകളിൽ ആകൃഷ്ടരാകാറുണ്ട്.

 

 ഇത്തരത്തിലുള്ള  ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുന്നതു വഴി ഫോണിൽ സൂക്ഷിച്ചിരിക്കുന്ന ഫോൺ നമ്പരുകളും ഫോട്ടോകളും ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ഈ ആപ്ലിക്കേഷൻ ദാതാക്കൾ ചോർത്തിയെടുക്കാറുണ്ട്. ഇത്തരത്തിൽ ചോർത്തിയെടുക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് തിരിച്ചടവ് മുടങ്ങിയാലും ഇല്ലെങ്കിലും ഉപഭോക്താവിന്റെ കോണ്ടാക്ട് ലിസ്റ്റിലുളളവർക്കും മറ്റ് നമ്പരുകളിലേയ്ക്കും വിളിച്ച് ലോണ് എടുത്തയാള് ജാമ്യം തന്നിരിക്കുന്നത് നിങ്ങളെയാണെന്നും തുക തിരികെ അടച്ചില്ലെങ്കില് നിയമ നടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തും. സ്ത്രീകളാണ് ലോൺ എടുക്കുന്നതെങ്കിൽ ചോർത്തിയെടുത്ത ഫോട്ടോ മോർഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി കോണ്ടാക്ട് ലിസ്റ്റിലുളള നമ്പരുകളിലേയ്ക്ക് അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തും. ഇതോടെ മറ്റൊരു ആപ്ലിക്കേഷനിൽ നിന്ന് വായ്പയെടുത്ത് ആദ്യത്തെ തുക കൂടുതൽ പലിശ ചേർത്ത് അടയ്ക്കാൻ ഉപഭോക്താവ് നിർബന്ധിതനാകുന്നു. ആയതിനാൽ ഇത്തരത്തിലുള്ള ലോൺ ആപ്ലിക്കേഷനുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത്  ചതിക്കുഴിയിൽ പെടാതെ ജാഗ്രത പുലർത്തുക.