കർഷകർക്ക് ആശ്വാസമേകാൻ ജില്ലാപഞ്ചായത്തിന്റെ മൂന്നു കൊയ്ത്തു-മെതി യന്ത്രങ്ങൾ കൂടി.


കോട്ടയം: നെൽകർഷകർക്ക് ആശ്വാസമേകി വിളവെടുപ്പിനായി ജില്ലയിൽ മൂന്നു കൊയ്ത്തു-മെതി യന്ത്രങ്ങൾ കൂടി. വാർഷിക പദ്ധതിയിലുൾപ്പെടുത്തി 85.5 ലക്ഷം രൂപ ചെലവഴിച്ച് ജില്ലാ പഞ്ചായത്ത് വാങ്ങിയ മൂന്ന് കൊയ്ത്തുമെതിയന്ത്രങ്ങളുടെ വിതരണോദ്ഘാടനം ഏറ്റുമാനൂർ ചെറുവാണ്ടൂർ പുഞ്ച പാടശേഖരത്തിൽ ജോസ് കെ. മാണി എം.പി.

 

 നിർവഹിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കാർഷിക യന്ത്രവത്കരണ ഉപപദ്ധതിയായ സ്മാം പദ്ധതിയിൽ 50 ശതമാനം സബ്സിഡിയോടെ കർഷകർ വാങ്ങിയ രണ്ടു ട്രാക്ടറുകളുടെ വിതരണവും എം.പി. നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ് പടികര മുഖ്യപ്രഭാഷണം നടത്തി. കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ റ്റി. സുമേഷ് കുമാർ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത്, ജില്ലാ പഞ്ചായത്തംഗങ്ങളായ ജോസ് പുത്തൻകാല, പി.എം. മാത്യു, രാജേഷ് വാളിപ്ലാക്കൻ, നഗരസഭാംഗങ്ങളായ എസ്. ബീന, എം.കെ സോമൻ, പാടശേഖര സമിതി കൺവീനർ അഡ്വ. പ്രശാന്ത് രാജൻ, കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ മുഹമ്മദ് ഷെരീഫ് എന്നിവർ പ്രസംഗിച്ചു. ട്രാക്ടറടക്കമുള്ള കാർഷിക യന്ത്രങ്ങൾ https://agrimachinery.nic.in/ എന്ന വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്താൽ വ്യക്തികൾക്ക് 40 മുതൽ 60 ശതമാനം വരെയും ഗ്രൂപ്പുകൾക്ക് 80 ശതമാനം വരെയും സബ്സിഡിയോടെ ലഭിക്കും. ജില്ലയിൽ ഇതോടെ 11 കൊയ്ത്തുമെതി യന്ത്രങ്ങൾ ലഭ്യമാവും. കൊയ്ത്തുമെതി യന്ത്രങ്ങളുടെ വാടകയിനത്തിൽ മാത്രം കഴിഞ്ഞ വർഷം 14 ലക്ഷം രൂപ കോഴയിലെ കാർഷിക യന്ത്രങ്ങൾ വാടകയ്ക്കു നൽകുന്ന കസ്റ്റം ഹയറിംഗ് സെന്ററിന് ലഭിച്ചതായി കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലൂടെ 27 ലക്ഷം രൂപയുടെ കൊയ്ത്തുമെതിയന്ത്രം കഴിഞ്ഞ മാർച്ചിൽ നല്കിയിരുന്നു.