ബുള്ളറ്റിന്റെ സ്പന്ദനങ്ങളറിഞ്ഞു മെരുക്കിയെടുക്കുന്ന പെൺപുലി, കോട്ടയത്തിന്റെ ബുള്ളറ്റ് ഗേളിനു മോട്ടോർ വാഹന വകുപ്പിന്റെ ആദരം.


കോട്ടയം: ബുള്ളറ്റിന്റെ സ്പന്ദനങ്ങളറിഞ്ഞു മെരുക്കിയെടുക്കുന്ന പെൺപുലി, കോട്ടയത്തിന്റെ ബുള്ളറ്റ് ഗേൾ ദിയ ജോസഫിനെ കോട്ടയത്ത് മോട്ടോർ വാഹന വകുപ്പ് ആദരിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി കോട്ടയം നാഗമ്പടം മൈതാനത്തെ പ്രദർശന-വിപണന മേളയിൽ മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിച്ച സെമിനാറിൽ വെച്ചാണ് ആദരിച്ചത്.

 

 എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ടോജോ.എം.തോമസ് ദിയയെ പൊന്നാടയണിയിച്ചു. കോട്ടയം റെയിൽവേ സ്റ്റേഷന് സമീപം ബുള്ളറ്റ് വർക്ക്ഷോപ്പ് നടത്തുന്ന പിതാവ് ജോസഫ് ഡൊമിനിക്കിനെ ജോലികളിൽ  സഹായിക്കുന്ന ദിയ ഇപ്പോൾ ബുള്ളറ്റ് റിപ്പയറിംഗിൽ കൂടുതൽ പരിശീലനം നേടുകയാണ്. നിലവിൽ  ബുള്ളറ്റിന്റെ ഓയിൽ മാറ്റുകയും ജനറൽ സർവീസിംഗ് ജോലികളും ചെയ്യുന്ന ദിയ കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിലെ ഒന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥിനിയാണ്. ഇരു ചക്രവാഹന പ്രേമികൾ ഏറ്റവും കൂടുതൽ സ്വന്തമാക്കാനും യാത്ര ചെയ്യാനും കൊതിക്കുന്ന ബുള്ളറ്റിന്റെ സ്പന്ദനങ്ങൾ മനസ്സിലാക്കി തകരാറുകൾ പരിഹരിക്കുന്ന കൊച്ചു മിടുക്കിയാണ് ദിയ. കോട്ടയം പള്ളിക്കുന്ന് സ്വദേശിനിയും പതിനെട്ടുകാരിയുമായ ദിയ ഇന്ന് ബുള്ളറ്റ് ഗേൾ എന്ന വിശേഷണത്തിന് അർഹയായിരിക്കുകയാണ്. ബുള്ളറ്റുകളിൽ ചീറിപ്പാഞ്ഞു നടക്കുന്നതിനോടല്ല മറിച്ച് ബുള്ളറ്റുകളുടെ അറ്റകുറ്റ പണികൾ ചെയ്തു കൈമാറുന്നതിനോടാണ് ദിയയക്ക് കൂടുതൽ താത്പര്യം. ഇരുചക്ര വാഹന പ്രേമികൾ നിധിപോലെ കൊണ്ട് നടക്കുന്ന കൂടുതലാളുകളും സ്വന്തമാക്കാൻ കൊതിക്കുന്ന ബുള്ളറ്റുകളുടെ തകരാറുകൾ പരിഹരിച്ചു നൽകുന്നത് വലിയൊരു സന്തോഷമാണെന്നും ദിയ പറയുന്നു. പിതാവിനൊപ്പമാണ് ദിയയുടെ പ്രവർത്തനങ്ങൾ. ദിവസേന നിരവധി ബുള്ളറ്റുകളാണ് വിവിധങ്ങളായ തകരാറുകളാലും ജനറൽ സർവ്വീസിനുമായി കോട്ടയം റെയിൽവേ സ്റ്റേഷന് സമീപമുള്ള പുളിക്കൻപറമ്പിലെ വീടിനോടു ചേർന്നുള്ള മെക്കാനിക്ക് സെന്ററിൽ ഇവരുടെ അടുത്ത് എത്തുന്നത്. ബുള്ളറ്റിന്റെ ജോലികൾ ചെയ്യുന്നത് ദിയയ്ക്ക് എന്നും ആവേശമാണ്. പൊതുവെ പെൺകുട്ടികൾ കടന്നു വരാത്ത മേഖലയായ വാഹന റിപ്പയറിങ് മേഖലയിൽ ദിയ ഇന്ന് വ്യത്യസ്തയാവുകയാണ്. പത്താം ക്ലാസ്സിലെ അവധി സമയത്താണ് വീടിനോടു ചേർന്നുള്ള റിപ്പയറിങ് സെന്ററിൽ ചെറിയ ചെറിയ പണികളുമായാണ് പിതാവ് ജോസഫ് ഡൊമിനിക്കിനൊപ്പം ബുള്ളറ്റ് റിപ്പയറിങ്ങിൽ ആരംഭിക്കുന്നതെന്ന് ദിയ പറഞ്ഞു. പിന്നീടുള്ള ഓരോ ദിവസവും ഓരോ ചെറിയ പണികളിൽ നിന്നും കൂടുതൽ കൂടുതൽ ആവേശമായിരുന്നു ലഭിച്ചത് എന്ന് ദിയ പറഞ്ഞു. മകളുടെ താഹപര്യം മനസ്സിലാക്കിയ പിതാവ് പലപ്പോഴായി മറ്റു ജോലികളും ദിയയെ ഏൽപ്പിച്ചു തുടങ്ങി. തന്നെ ഒരു ജോലി ഏൽപ്പിക്കുമ്പോൾ കൂടുതൽ സന്തോഷമാണ് തോന്നുന്നത് എന്ന് ദിയ പറയുന്നു. ഇപ്പോൾ ഇവരുടെ അടുത്ത് എത്തുന്ന ബുള്ളറ്റുകളുടെ ജനറൽ സർവ്വീസും ഓയിൽ ചേഞ്ചും ചെയ്യുന്നത് ദിയായാണ്. ക്ലാസ്സിനു ശേഷമുള്ള അവധി ദിവസങ്ങളിൽ ദിയ മുഴുവൻ സമയവും പിതാവിനൊപ്പം ബുള്ളറ്റ് റിപ്പയറിങ് സെന്ററിലാണ്. ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്‌കൂളിലായിരുന്നു ദിയയുടെ പഠനം. 1987 മുതൽ മെക്കാനിക്ക് മേഖലയിലാണ് പിതാവ് ജോസഫ് ഡൊമിനിക്ക്. 2008 മുതലാണ് സ്വന്തമായി റിപ്പയറിങ് സെന്റർ ആരംഭിക്കുന്നത്. വളരെ വേഗത്തിൽ മകൾ മെക്കാനിക്ക് ജോലികൾ പഠിച്ചെടുക്കുന്നതായി പിതാവ് പറഞ്ഞു. പ്ലസ് ടുവിന് 98 ശതമാനം മാർക്ക് നേടിയ ദിയയ്ക്ക് സ്നേഹസമ്മാനമായി ലഭിച്ച തണ്ടർ ബേർഡിൽ യാത്ര പോകണമെന്നാണ് ആഗ്രം. ലൈസൻസ് ലഭിച്ചാലുടൻ സഹോദരിയുമൊത്തു കിഴക്കൻ മേഖലയിലേക്കാണ് ആദ്യ യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. തുടർ പഠനങ്ങളിൽ മെക്കാനിക്കൽ എൻജിനീയറിങ് പഠിക്കാനാണ് ദിയയുടെ ആഗ്രഹം. മാതാവ് ഷൈൻ മാത്യുവും സഹോദരി മരിയയുമടങ്ങുന്ന കുടുംബത്തിന്റെ പൂർണ്ണ പിന്തുണയും ദിയയ്‌ക്കൊപ്പമുണ്ട്. എല്ലാ ജോലിക്കും മഹത്വമുണ്ടെന്നും കൂടുതൽ പെൺകുട്ടികൾ ഈ മേഖലയിലേക്ക് കടന്നു വരണമെന്നാണ് തന്റെ ആഗ്രഹമെന്നും ദിയ പറഞ്ഞു. 

Image Credits: Prajin