ഡിവൈഎഫ്ഐ നേതൃനിരയിലെ ആദ്യ ട്രാൻസ് വുമൺ സാന്നിധ്യം, സംസ്ഥാന കമ്മറ്റിയിലെ ആദ്യ ട്രാൻസ് വുമണായി ചങ്ങനാശ്ശേരി സ്വദേശിനി ലയ മരിയ ജെയ്‌സൺ.


കോട്ടയം: ഡിവൈഎഫ്ഐ നേതൃനിരയിൽ ആദ്യമായി ട്രാൻസ് വുമൺ സാന്നിധ്യം. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നടന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന കമ്മറ്റിയിലേക്ക് ചങ്ങനാശ്ശേരി സ്വദേശിനിയായ ട്രാൻസ് വുമൺ ലയ മരിയ ജെയ്‌സണെ(30) തെരഞ്ഞെടുത്തത്. ഇതോടെ ഡിവൈഎഫ്ഐ സംസ്ഥാന നേതൃനിരയിലും ജില്ലാ നേതൃനിരയിലും എത്തുന്ന ആദ്യ ട്രാൻസ് വുമൺ സാന്നിധ്യമാണ് ലയ.

 

 കോട്ടയം ജില്ലയിൽ ഒരു സംഘടനയുടെ നേതൃനിരയിലെത്തുന്ന ആദ്യ ട്രാൻസ് വുമണുമായി മാറിയിരിക്കുകയാണ് ചങ്ങനാശ്ശേരി സ്വദേശിനി ലയ മരിയ ജെയ്‌സൺ. ചങ്ങനാശ്ശേരി ഇത്തിത്താനം പുതുപ്പറമ്പിൽ ഷാജൻ-മറിയാമ്മ ദമ്പതികളുടെ മകളാണ് തിരുവനന്തപുരം സോഷ്യൽ വെൽഫെയർ ബോർഡിൽ പ്രോജക്റ്റ് അസിസ്റ്റന്റ് ആയ ലയ.

തന്നിൽ ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്വം അഭിമാനത്തോടെ സ്വീകരിക്കുന്നതായും ട്രാൻസ് സമൂഹത്തിന്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് തനിക്ക് ലഭിച്ച ഈ അംഗീകാരം കൂടുതൽ കരുത്ത് നൽകുമെന്നും ലയ പറഞ്ഞു. ട്രാൻസ് സമൂഹം ഒരുപാട് കഷ്ടതകൾ അനുഭവിക്കുന്നുണ്ട്, പലപ്പോഴും ലഭിക്കേണ്ട അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുണ്ട്, ട്രാൻസ് സമൂഹത്തിന്റെ ശബ്ദമായി എന്നും അവർക്കൊപ്പം അനീതിക്കും അവകാശ നിഷേധങ്ങൾക്കുമെതിരെ ശബ്ദമുയർത്താൻ താൻ ഉണ്ടാകുമെന്നു ലയ പറഞ്ഞു. 2019 മുതൽ ഡിവൈഎഫ്ഐ യിൽ പ്രവർത്തിച്ചു വരികയാണ് ലയ.

ചങ്ങനാശ്ശേരി എസ്.ബി കോളേജിൽ നിന്നുമാണ് ലയ ഇക്കണോമിക്ക്‌സിൽ ബിരുദം കരസ്ഥമാക്കിയത്. പിന്നീട് ആയുർവേദ തെറാപ്പിയും ലയ പഠിച്ചു. തിരുവനന്തപുരത്തെ ജോലിത്തിരക്കിനിടയിൽ മാസത്തിൽ ഒരു തവണ മാത്രമാണ് വീട്ടിൽ എത്തുന്നതെങ്കിലും നാട്ടിലുള്ള സമയവും ആവശ്യഘട്ടങ്ങളിലും സംഘടനാ പ്രവർത്തനവുമായി മുന്നിലുണ്ട് ലയ. 2016 ൽ തന്റെ സ്വത്വം വെളിപ്പെടുത്തിയ ലയ 2018 ൽ സംസ്ഥാനത്ത് ആരംഭിച്ച ട്രാൻസ് ജെണ്ടർ സെല്ലിൽ 4 പേരിൽ ഒരാളായിരുന്നു.

ട്രാൻസ് ജെണ്ടർ വുമൺ എന്ന് സ്വയം വെളിപ്പെടുത്തി നിരവധിപ്പേർ മുന്നോട്ടു വരുന്ന ഈ കാലത്ത് എല്ലാവർക്കും ഒരു പ്രചോദനമായി താനുണ്ടാകുമെന്നും ലയ പറയുന്നു. സംഘടനാ പ്രവർത്തനങ്ങൾക്കും സർക്കാർ സംവിധാനത്തിലെ ജോലിക്കുമൊപ്പം മോഡലിംഗും സിനിമാ അഭിനയവും ലയയുടെ ജീവിതത്തിന്റെ ഭാഗമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇലക്ഷൻ കമ്മീഷന്റെ ട്രാൻസ് ജെണ്ടർ വിഭാഗത്തിനായുള്ള ബോധവത്കരണ ഡെസ്കിലും അംഗമായിരുന്നു ലയ.