ജെറോമിന്റെ ജീവൻ കാക്കാൻ അതിരമ്പുഴ നിവാസികൾ കൈകോർത്തു, 108 സ്ക്വാഡുകൾ നടത്തിയ പ്രവർത്തനത്തിൽ സമാഹരിച്ചത് 90,96,147 രൂപ.


ഏറ്റുമാനൂർ: ജറോം എന്ന ആറു വയസ്സുകാരന്റെ ജീവൻ കാക്കാൻ അതിരമ്പുഴ നിവാസികൾ കൈകോർത്തു. ഒരു ദിവസം കൊണ്ട് 30 ലക്ഷം രൂപ സമാഹരിക്കുക എന്ന ലക്ഷ്യത്തിനായി 108 സ്ക്വാഡുകൾ നടത്തിയ പ്രവർത്തനത്തിന്റെ ഫലമായി 90, 96,147 രൂപ ലഭിച്ചു. അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ (ബ്ലഡ് കാൻസർ) ബാധിച്ച ജറോമിന് മജ്ജ മാറ്റിവയ്ക്കൽ മാത്രമാണ് പ്രതിവിധിയെന്ന് ഡോക്ടർമാർ അറിയിച്ചത്.

 

 ചികിത്സയ്ക്കുള്ള ഭാരിച്ച ചെലവ് താങ്ങാനാകാതെ വലയുന്ന കുടുംബത്തെ സഹായിക്കാനായി. അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റിയും ചങ്ങനാശ്ശേരി പ്രത്യശയും ചേർന്ന് രൂപീകരിച്ച അതിരമ്പുഴ ജീവൻ രക്ഷാസമിതിയുടെ നേതൃത്വത്തിൽ ഇന്നലെ അഞ്ചു മണിക്കൂർ കൊണ്ട് 30 ലക്ഷം രൂപ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ പൊതു ധനസമാഹരണം നടത്തുകയായിരുന്നു.

ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ചങ്ങനാശ്ശേരി പ്രത്യാശയുടെ ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പുന്നശേരിയുടെ പ്രവർത്തനം സ്ലാഘനീയമാണ്. അതിരമ്പുഴ പഞ്ചായത്ത് ഒന്നാം വാർഡിൽ കീഴേടത്ത് ജസ്റ്റിന്റെയും ജിൻസിയുടെയും മകനാണ് ജറോം. മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി ഇപ്പോൾ കോഴിക്കോട് എം.വി.ആർ സഹകരണ ആശുപത്രിയിലെ ചികിത്സയിലാണ്. 

ജറോമിന്റെ ചികിത്സയ്ക്ക് ആവശ്യമായ തുക നൽകിയശേഷമുള്ള ബാക്കി തുക അതിരമ്പുഴ പഞ്ചായത്ത് പരിധിയിൽ അവയവമാറ്റ ശസ്ത്രക്രിയ ആവശ്യമായ നിർധനരായ രോഗികൾക്ക് നൽകണം എന്നാണ് ജീവൻരക്ഷാസമിതിയുടെ തീരുമാനം.