കേരള റബർ ലിമിറ്റഡിന്റെ ശിലാസ്ഥാപനം മേയ് ഒമ്പതിന് വെള്ളൂരിൽ മന്ത്രി പി. രാജീവ് നിർവഹിക്കും.


കോട്ടയം: കേരള റബർ ലിമിറ്റഡിന്റെ ശിലാസ്ഥാപനം മേയ് ഒമ്പതിന് ഉച്ചയ്ക്ക് 12ന് വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്റ്റ്‌സ് ലിമിറ്റഡ് അങ്കണത്തിൽ നടക്കും. വ്യവസായ-നിയമ വകുപ്പു മന്ത്രി പി. രാജീവ് ശിലാസ്ഥാപനം നിർവഹിക്കും.

 

 കേരള ന്യൂസ്പ്രിന്റ് എംപ്ലോയീസ് റിക്രിയേഷൻ ക്ലബിൽ നടക്കുന്ന ചടങ്ങിൽ സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി., അഡ്വ. മോൻസ് ജോസഫ് എം.എൽ.എ., കെ.ആർ.എൽ. ചെയർപേഴ്‌സൺ ഷീല തോമസ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, റബർ ബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ, കെ.എസ്.ഐ.ഡി.സി. എം.ഡി. എം.ജി. രാജമാണിക്യം, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ എന്നിവർ പങ്കെടുക്കും. 

റബര്‍ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട് ആണ് കേരള റബര്‍ ലിമിറ്റഡ് നിര്‍മാണ പ്രവര്‍ത്തനം തുടങ്ങുന്നത്. കോട്ടയം വെള്ളൂരിലെ കേരള പേപ്പര്‍ പ്രോഡക്ട്സ് ലിമിറ്റഡിനോട് ചേര്‍ന്ന 143 ഏക്കറിലാണ് വ്യവസായ പാര്‍ക്ക് മാതൃകയില്‍ കേരള റബര്‍ ലിമിറ്റഡ് ഉയരുക. മാസ്റ്റര്‍ പ്ലാന്‍ പൂര്‍ത്തിയായി. റബര്‍ അധിഷ്ഠിത മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപംനല്‍കിയ കേരള റബര്‍ ലിമിറ്റഡിന്റെ ചെയര്‍പേഴ്സണ്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറായി മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഷീല തോമസിനെ നിയമിച്ചിരുന്നു. 

ഓട്ടോമൊബൈല്‍ പാര്‍ട്സ്, കൈയുറകള്‍, മാറ്റുകള്‍ തുടങ്ങി മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് റബര്‍ ഉപയോഗം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. പുതിയ സംരംഭകര്‍ കെആര്‍എല്ലിലേക്ക് എത്തും. റബര്‍ മേഖലയില്‍ സംരംഭകര്‍ ഓരോ വര്‍ഷവും കുറയുന്നതായി കണ്ടെത്തിയിരുന്നു. ഇതിനകം നിരവധി സംരംഭകര്‍ കെആര്‍എല്ലില്‍ പങ്കാളികളാകാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളെ പരമാവധി ഉള്‍ക്കൊള്ളുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. 

റബര്‍ ടെസ്റ്റിങ് ആന്‍ഡ് ഡെവലപ്മെന്റ് സെന്റര്‍, ഗവേഷണ കേന്ദ്രം, പരിശീലന കേന്ദ്രം, ഇന്‍ക്യുബേഷന്‍ സെന്റര്‍ എന്നിവയെല്ലാം കെആര്‍എല്ലിലുണ്ടാകും. നഷ്ടമാണെന്ന് വിലയിരുത്തി കേന്ദ്ര സര്‍ക്കാര്‍ വില്‍പനയ്ക്ക് വച്ചിരുന്ന ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ് (എച്ച്എന്‍എല്‍) സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ കേരളാ റബര്‍ ലിമിറ്റഡ് തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.