കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിന് കീഴിൽ ഭിന്നശേഷിക്കാർക്ക് സ്കൂട്ടറുകൾ കൈമാറി.കോട്ടയം ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ സ്‌കൂട്ടറുകളുടെ താക്കോൽ കൈമാറി.
60 ലക്ഷം രൂപ ചിലവഴിച്ചു 58 പേർക്കാണ് പൂർണ്ണമായും സൗജന്യമായി സ്കൂട്ടറുകൾ കൈമാറിയത്. പദ്ധതി നടത്തിപ്പിലും പ്രവർത്തനങ്ങളിലും കോട്ടയം ജില്ലാ പഞ്ചായത്ത് മുന്നിലാണ് എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. അതി ദാരിദ്ര്യം അനുഭവിക്കുന്നവരുടെ പട്ടിക നീതി ആയോഗ് തയ്യാറാക്കിയപ്പോൾ കോട്ടയം ജില്ലയിൽ ആരും അതി ദാരിദ്ര്യം അനുഭവിക്കുന്നില്ലെന്ന് കണ്ടെത്തി. അതി ദാരിദ്യ നിർമ്മാർജനത്തിനുള്ള കണക്കെടുപ്പ്സംസ്ഥാന സർക്കാർ നടത്തിയപ്പോഴും ജില്ലയിൽ അത്തരക്കാർ ആരും ഇല്ലായിരുന്നു എന്നും മന്ത്രി പറഞ്ഞു. പദ്ധതി നിർവഹണം മികച്ച രീതിയിൽ നടത്തുന്നത് കൊണ്ടും പ്രസിഡന്റിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളും സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും നടത്തുന്ന കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് ഈ നേട്ടങ്ങൾക്ക് പിന്നിലെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ തോമസ് ചാഴികാടൻ എം പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി തുടങ്ങിയവർ പങ്കെടുത്തു.