പൊതുജനങ്ങള്‍ക്ക് കാഴ്ച വിസ്മയമൊരുക്കി കോട്ടയം ജില്ലാ പോലീസ്!


കോട്ടയം: സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം നാഗമ്പടം മൈതാനത്ത് സംഘടിപ്പിച്ച് വരുന്ന എന്റെ കേരളം പ്രദർശന വിപണന മേളയില്‍ പൊതുജനങ്ങള്‍ക്ക് കാഴ്ച വിസ്മയമൊരുക്കി കോട്ടയം ജില്ലാ പോലീസ്.

 

 ജില്ലാ പോലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന സ്റ്റാളില്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനുമായി പോലിസ് സേനക്ക് ലഭ്യമായിട്ടുള്ള അത്യാധുനിക ഉപകരണങ്ങള്‍ പൊതുജനങ്ങളെ പരിചയപ്പെടുത്തുന്നതോടൊപ്പം പ്രദർശന വേദിയില്‍ എത്തുന്നവര്‍ക്ക് വേറിട്ട കാഴ്ചകളാണ് ജില്ലാ പോലിസ് ഒരുക്കിയിരിക്കുന്നത്.

കോട്ടയം ജില്ലാ പോലീസ് മേധാവി ഡി.ശില്പ, അഡിഷണല്‍ എസ്.പി സുരേഷ്കുമാര്‍.എസ്, നര്ക്കൊട്ടിക് ഡി.വൈ.എസ്.പി എം. എം. ജോസ് എന്നിവര്‍ നാഗമ്പടം മൈതാനത്ത് സജ്ജമാക്കിയിരിക്കുന്ന സ്റ്റാളുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജില്ലയിലെ വിവിധ  സ്ഥലങ്ങളിലായി  സ്ഥാപിച്ചിരിക്കുന്ന അത്യാധുനിക സി സി ടി വി ക്യാമറകള്‍, കുറ്റാന്വേഷണത്തില്‍ പോലിസിനെ സഹായിക്കുന്ന സൈബര്‍ വിംങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍, ജില്ലാ പോലീസ് ഡോഗ്  സ്‌ക്വാഡ്ന്റെ ശ്വാന പ്രദർശനം, വിവിധങ്ങളായ സ്ത്രീ സുരക്ഷാ സംവിധാനങ്ങള്‍ (SEIF DEFENCE Etc….) Arms & Ammunition – കളുടെ  പ്രദര്‍ശനം,

ബോംബ് ഡിറ്റക്ഷൻ ആന്റ് ഡിസ്പ്പോസല്‍ സ്ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍, ഫിംഗർ പ്രിന്റ് ബ്യൂറോ, ഫോറൻസിക് സയൻസ് ലാബ് എന്നിവ കുറ്റാന്വേഷണ പ്രക്രിയയില്‍ പങ്കാളികളാകുന്ന രീതികളെപ്പറ്റിയുള്ള വിശകലനം എന്നിവ പോലീസ് പൊതുജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു. ബുധനാഴ്‌ച്ച രാവിലെ 11 മണിക്ക് സൈബര്‍ കുറ്റകൃത്യങ്ങളും സൈബര്‍ സുരക്ഷയും എന്ന വിഷയത്തില്‍ സെമിനാറും നടത്തപ്പെടുന്നുണ്ട്. ദിവസവും രാവിലെ 09.30 മണി മുതൽ രാത്രി 9 മണി വരെയാണ് പ്രദർശന സമയം.