മുത്തുകൊണ്ട് മായാജാലം തീർത്ത് ലീലാമ്മ ഗോപാലൻ ദമ്പതികൾ.


കോട്ടയം: എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ  മുത്തു കൊണ്ട് മായാജാലം തീർത്ത് പെൺമനസുകൾ  കീഴടക്കുകയാണ് പാലാ സ്വദേശികളായ ലീലാമ്മ - ഗോപാലൻ ദമ്പതികൾ.

 

 പേൾ , സാൻഡ് സ്റ്റോൺ, ക്രിസ്റ്റൽ സ്റ്റോൺ, ഗ്ലാസ് സ്റ്റോൺ  തുടങ്ങിയ  മുത്തുകൾ ഉപയോഗിച്ച് ആഭരണങ്ങൾ തത്സമയം നിർമ്മിച്ചു നൽകുകയാണിവർ. വള, മാല, കമ്മൽ, കൊലുസ്, കൈ ചെയിൻ  എന്നിവ വാങ്ങുന്നവർക്കിഷ്ടമായ മോഡലിൽ  തയ്യാറാക്കും. നൈലോൺ നൂലിൽ കൊരുക്കുന്ന മുത്തുകൾ മൂന്ന് മുതൽ നാല് വർഷം വരെ നിറം പോകാതെയും പൊട്ടിപോകാതെയും ഉപയോഗിക്കാൻ സാധിക്കുമെന്നാണിവർ നൽകുന്ന ഉറപ്പ്. സ്വർണ നിറത്തിലുള്ള മുത്തുകൾ വാങ്ങി വീണ്ടും പ്ലേറ്റ് ചെയ്താണ് ഉപയോഗിക്കുന്നത്. മുത്തുകളുടെ ഭാരത്തിന് അനുസരിച്ച് നൈലോൺ നൂലിന്റെ ഇഴകളുടെ എണ്ണവും വർധിപ്പിക്കും. കരകൗശല നിർമ്മാണത്തിൽ സർക്കാർ സ്കീമിൽ ലഭിച്ച  മൂന്ന് മാസത്തെ പരിശീലനത്തിൻ്റെ ബലത്തിൽ ആഭരണ നിർമ്മാണ രംഗത്ത് ഇവർ ചുവടുറപ്പിച്ചിട്ട് എട്ട് വർഷം കഴിഞ്ഞു. ഗുണമേന്മയിലെ മികവും ചാരുതയാർന്ന ഡിസൈനുമാണ് ഈ ദമ്പതികളുടെ കരവിരുതിൽ വിരിയുന്ന ആഭരണങ്ങളുടെ മുഖമുദ്ര.