എം ജി സർവ്വകലാശാലയുടെ കീഴിൽ റിസർച്ച് സെന്ററായി അംഗീകാരം ലഭിക്കുന്ന ആദ്യത്തെ അധ്യാപക പരിശീലന കേന്ദ്രമായി മാന്നാനത്തെ സെന്റ് ജോസഫ് ട്രെയിനിങ് കോളേജ്.


കോട്ടയം: എം ജി സർവ്വകലാശാലയുടെ കീഴിൽ റിസർച്ച് സെന്ററായി അംഗീകാരം ലഭിക്കുന്ന ആദ്യത്തെ അധ്യാപക പരിശീലന കേന്ദ്രമായി മാന്നാനത്തെ സെന്റ് ജോസഫ് ട്രെയിനിങ് കോളേജ്. ഉത്‌ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു നിർവ്വഹിച്ചു.

മിടുക്കരായ അധ്യാപകരെ വാർത്തെടുക്കുന്നതിൽ കോളേജിന്റെ പങ്ക് ചെറുതല്ല. നിരവധി പുതിയ കോഴ്‌സുകൾക്കും പരിശീലന പ്രവർത്തനങ്ങൾക്കും മറ്റു പഠനപ്രവൃത്തികൾക്കും അടിത്തറ പാകിയ സ്ഥാപനമാണിത്. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി കോളേജിലെ  പുനരുദ്ധാരണ പ്രവർത്തനങ്ങൾ മികവോടെ പൂർത്തീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നു മന്ത്രി പറഞ്ഞു. പുതിയ  അക്കാദമിക് ബ്ലോക്കും ഇ-ഉള്ളടക്ക വികസന സ്റ്റുഡിയോയും കോളേജിന് സമർപ്പിച്ചു. എഡു-തിയേറ്റർ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ തുറന്നുകൊടുത്തു. റൂസ പദ്ധതിക്ക് കീഴിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. പ്രൊഫ. ടി.സി.ചെറിയാന്റെ  സ്‌നേഹസ്മരണകൾ നിലനിർത്തുക എന്ന ഉദ്ദേശ്യത്തോടെ  അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട്  തയ്യാറാക്കിയ ന്യൂ അക്കാഡമിക് ബ്ലോക്ക്  കോളേജിന് തീർച്ചയായും  ഒരു മുതൽക്കൂട്ടാണ്. അധ്യാപന-പഠന ആവശ്യങ്ങൾ നിറവേറ്റാൻ അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളാണ് കോളേജിൽ ഒരുക്കിയിരിക്കുന്നത്. ഇന്ററാക്ടീവ് ഡിജിറ്റൽ അധ്യാപനത്തിനായുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യ സംയോജിപ്പിച്ചാണ് എഡ്യൂ-തിയറ്റർ സജ്ജമാക്കിയിരിക്കുന്നത്. ഡിജിറ്റൽ ഓഡിയോ-വീഡിയോ റെക്കോർഡിംഗ് സ്റ്റുഡിയോ ഉൾപ്പെടുത്തുന്നതിനായാണ് ലാബ് നവീകരിച്ചത്. ലാംഗ്വേജ് ലാബ് നവീകരിച്ചു സെന്റ് ചവറ ഇ-കണ്ടന്റ് ഡെവലപ്‌മെന്റ് സ്റ്റുഡിയോ ആൻഡ് ലാംഗ്വേജ് ലാബ് എന്ന്  പുനർനാമകരണം ചെയ്തു. റൂസ ഗ്രാന്റടക്കം പ്രയോജനപ്പെടുത്തി ഭാഷയുടെ നവീകരണവും കോളേജ് ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. മികവുറ്റ അധ്യാപക പരിശീലന കേന്ദ്രത്തിൽ പൂർത്തിയായിരിക്കുന്ന പദ്ധതികൾ കോളേജിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് തീർച്ചയായും ഊർജ്ജം പകരും.