പാലാ: കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് സമ്പൂർണ്ണ 'ചൈൽഡ് ഡവലപ്പ്മെന്റ് സെന്റർ' മാർ സ്ലീവാ മെഡിസിറ്റി പാലായിൽ ആരംഭിച്ചു. ആശുപത്രിയിൽ വച്ച് നടന്ന ചടങ്ങിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. സാബു തോമസ് ചൈൽഡ് ഡവലപ്പ്മെന്റ് സെന്ററിന്റെ ഉദ്‌ഘാടനകർമ്മം നിർവഹിച്ചു.
ഉദ്‌ഘാടനത്തിനു ശേഷം അധ്യാപകർക്കായി കുട്ടികളിലെ വളർച്ചാവൈകല്യങ്ങളെക്കുറിച്ചും അവ നേരത്തെ തിരിച്ചറിയുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ചൈൽഡ് ഡവലപ്പ്മെന്റ് സെന്ററിലെ വിദഗ്ദ്ധർ ക്ലാസുകൾ നടത്തി. കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി പാലായിലെ അധ്യാപകർ ക്ലാസ്സിൽ പങ്കെടുത്തു. കുട്ടികളുടെ വളർച്ചയിലും, അവരെ സാമൂഹിക പ്രതിബദ്ധതയുള്ള പൂർണ്ണ പൗരന്മാരാക്കുന്നതിനും ഏറ്റവും വലിയ പങ്കു വഹിക്കുന്നത് അധ്യാപക സമൂഹമാണെന്ന് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. സാബു തോമസ് പറഞ്ഞു. അതിനോടൊപ്പം തന്നെ കുട്ടികളിൽ വളർച്ചാവൈകല്യങ്ങളെ നേരത്തെ തിരിച്ചറിയുന്നതും അവർക്ക് നൽകാവുന്ന സേവനങ്ങളെക്കുറിച്ചും മറ്റും അധ്യാപകർ അറിഞ്ഞിരിക്കേണ്ടതും ഏറെ പ്രസക്തമായ ഒരു വിഷയമാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു. അതിനോടൊപ്പം മഹാത്മാ ഗാന്ധി സർവകലാശാലയും മാർ സ്ലീവാ മെഡിസിറ്റിയിലെ ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററും ചേർന്നുകൊണ്ട് അറിവുകൾ പരസ്പരം പങ്കുവെച്ചുകൊണ്ടുള്ള ഇത്തരം ശില്പശാലകളും ചർച്ചകളും നിലവിലുള്ളതിൽ ഏറ്റവും മികച്ച സേവനം നൽകാൻ സഹായിക്കുമെന്നും, സേവന സാധ്യതകൾ വളർത്താൻ നിരന്തരമുള്ള ദേശീയ അന്തർദേശീയ അക്കാദമിക ചർച്ചകൾ ആവശ്യമാണെന്നും ചടങ്ങിൽ അദ്ദേഹം പറഞ്ഞു. കുട്ടികളുടെ മാനസിക വളർച്ച സംബന്ധിച്ച പ്രശ്നങ്ങൾ, നാഡീസംബന്ധമായ വ്യതിയാനങ്ങൾ, പഠനവൈകല്യങ്ങൾ, വളർച്ചാ വൈകല്യങ്ങൾ തുടങ്ങി പലവിധ ബുദ്ധിമുട്ടുകൾക്കായി പ്രത്യേകം തെറാപ്പികളും ചികിത്സയുമാണ് മാർ സ്ലീവാ മെഡിസിറ്റി പാലായിൽ ഒരുക്കിയിരിക്കുന്നത് എന്ന് ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ പറഞ്ഞു. ചടങ്ങിൽ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. ബെർക്മൻസ് കുന്നുംപുറം, ആശുപത്രി ഡയറക്ടേഴ്സ്, മറ്റ് സ്റ്റാഫ് അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു.