സർക്കാരിന്റെ നൂറുദിന കർമ്മപരിപാടി: കുട്ടിക്കാനം മരിയൻ കോളേജിൽ തയ്യാറായ മൾട്ടി ജിംനേഷ്യം വിദ്യാർത്ഥികൾക്കായി തുറന്നുകൊടുത്തു.


കുട്ടിക്കാനം: വിദ്യാർത്ഥികളുടെ  വൈജ്ഞാനികമികവ് അവരുടെ സമഗ്ര ആരോഗ്യ സൗഖ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്ലാസ് മുറികളോടൊപ്പം അവരുടെ ശാരീരികവും മാനസികവും വൈകാരികവും  സാമൂഹികവുമായ സൗഖ്യം ജീവിതവിജയത്തിന് അനുപേക്ഷണീയമാണ് എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു.

 

 സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി കുട്ടിക്കാനം മരിയൻ കോളേജിൽ (ഓട്ടോണമസ്) തയ്യാറായ മൾട്ടി ജിംനേഷ്യം വിദ്യാർത്ഥികൾക്കായി തുറന്നുകൊടുത്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. വ്യായാമം, കൗൺസിലിംഗ്, യോഗ, ആയോധനമുറകൾ, എയ്‌റോബിക്സ് എന്നിവയ്‌ക്കെല്ലാമുള്ള സൗകര്യങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന സമുച്ചയമാണിവിടെ വിഭാവനം ചെയ്തിരിക്കുന്നത്.

6000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള  അത്യാധുനിക മൾട്ടി ജിംനേഷ്യം റൂസ പദ്ധതിയിൽ  ഉൾപ്പെടുത്തിയാണ് പൂർത്തീകരിച്ചത്. ഒരേസമയം അമ്പതുപേർക്ക് പരിശീലനം നടത്താൻ സാധിക്കുന്ന സംവിധാനമാണ് ഈ മൾട്ടി ജിംനേഷ്യം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ജീവനക്കാർക്കും പ്രത്യേക സമയക്രമങ്ങളുണ്ടിവിടെ. സൂംബ ഡാൻസ്, ടേബിൾ ടെന്നീസ്, വസ്ത്രമുറി, അത്യാധുനിക ശൗചാലയങ്ങൾ, ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ  മുതലായവയും സജ്ജീകരിച്ചിട്ടുണ്ട്.