കിസാൻ ക്രഡിറ്റ് കാർഡ് വായ്പ: ബോധവത്കരണം ഊർജ്ജിതമാക്കണം; മന്ത്രി ചിഞ്ചുറാണി.


കോട്ടയം: ക്ഷീര കർഷകർക്ക് പ്രവർത്തന മൂലധനം ഉറപ്പാക്കുന്നതിന് നടപ്പാക്കുന്ന കിസാൻ ക്രെഡിറ്റ് കാർഡ്  വായ്പാ പദ്ധതി സംബന്ധിച്ച് ഊർജ്ജിത ബോധ വത്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്ന് ക്ഷീര വികസന - മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.

 

 പഞ്ചവത്സര പദ്ധതി നടത്തിപ്പിലെ മാർഗ്ഗ രേഖ രൂപീകരണവും കഴിഞ്ഞ വർഷം നടപ്പാക്കിയ പദ്ധതികളുടെ അവലോകനവുമായി ബന്ധപ്പെട്ട് ക്ഷീര വികസന വകുപ്പിലെ  ഫീൽഡ് തല ഉദ്യോഗസ്ഥർക്കായി കോട്ടയത്ത് സംഘടിപ്പിച്ച ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. കറവ മൃഗങ്ങളുടെ ഉത്പാദന ക്ഷമത  വർദ്ധിപ്പിക്കുന്നതിനും കർഷകരുടെ വരുമാന വർദ്ധനവിനും ആവശ്യമായ സാങ്കേതിക അറിവും സഹായങ്ങളും യഥാസമയം കർഷകർക്ക് ലഭ്യമാക്കുന്നതിന് ഉദ്യോഗസ്ഥർ നടപടിയെടുക്കണമെന്നും മന്ത്രി പറഞ്ഞു. ക്ഷീര വികസന വകുപ്പ് ഡയറക്ടർ വി.പി സുരേഷ് , ജോയിൻ്റ് ഡയറക്ടർ കെ. ശശികുമാർ എന്നിവർ സംസാരിച്ചു. ഹോട്ടൽ ക്രിസോബർ കോൺഫറൻസ്  ഹാളിൽ നടക്കുന്ന ശില്പശാലയിൽ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലെ ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. നാല് ജില്ലകളിൽ നിന്നായി 150 ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു.