ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റിന്റെയും ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളുടെയും ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു.


ചങ്ങനാശ്ശേരി: ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റിന്റെയും ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളുടെയും ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്   നിർവഹിച്ചു. ഇന്നലെ രാവിലെ 11 മണിക്ക് ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങിൽ എം എൽ എ അഡ്വ.ജോബ് മൈക്കിൾ അധ്യക്ഷത വഹിച്ചു.

 

 ഓക്സിജൻ പ്ലാന്റ് വളരെ നേരത്തെ തന്നെ സ്ഥാപിച്ചുവെങ്കിലും  500 കിലോവോൾട്ട്-ആംപ്സ് കപ്പാസിറ്റി ഉള്ള ഡീസൽ ജനറേറ്റർ  ലഭ്യമാകാത്തതിനാൽ പ്രവർത്തനം ആരംഭിക്കുവാൻ കഴിഞ്ഞിരുന്നില്ല.എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 40 ലക്ഷത്തോളം രൂപ അനുവദിച്ച് ജനറേറ്റർ സ്ഥാപിച്ചതോടെ പ്ലാന്റ് പ്രവർത്തനസജ്ജമാവുകയായിരുന്നു.

കേന്ദ്ര പദ്ധതി ആയ പി.എം കെയർ സ്കീമിലൂടെയാണ് ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചത്. അന്തരീക്ഷ വായുവിൽ നിന്നും ഒരു മിനിറ്റിൽ ആയിരം ലിറ്റർ മെഡിക്കൽ ഓക്സിജൻ ഈ പ്ലാന്റിൽ ഉല്പാദിപ്പിക്കുന്നതിനാൽ സ്വകാര്യ മേഖലയിൽ നിന്നും ഓക്സിജൻ വാങ്ങുന്നത് ഒഴിവാക്കുവാനും ആശുപത്രിയുടെ ദൈനംദിന ചെലവുകൾ കുറയ്ക്കുവാനും സാധിക്കും. കോവിഡിന്റെ രണ്ടാം തരംഗമുണ്ടായപ്പോൾ ഓക്സിജന്റെ അഭാവം പ്രകടമായിരുന്നു.

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലെപ്മെന്റ് ഓർഗനൈസേഷനാണു ആശുപത്രിക്കുവേണ്ടി ഓക്സിജൻ പ്ലാന്റ് സജ്ജമാക്കിയത്.  പിഎം കെയർ ഫണ്ടിൽ നിന്ന് ഒരു കോടി അമ്പതു ലക്ഷം രൂപ മുതൽമുടക്കിയാണ് പ്ലാന്റിന്റെ നിർമ്മാണം. ചങ്ങനാശ്ശേരിയിലും ചുറ്റുപാടുമുള്ള ജനങ്ങൾക്ക് ഓക്സിജൻ പ്ലാന്റ് അനുഗ്രഹമാകും എന്ന് എംഎൽഎ ജോബ് മൈക്കിൾ പറഞ്ഞു.