വൈക്കം ഉദയനാപുരം ഇരുമ്പുഴികര പാടശേഖരത്തിലെ കൊയ്ത്തുത്സവം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.


വൈക്കം: കാലങ്ങളായി തരിശു കിടന്നിരുന്ന ഉദയനാപുരം ഇരുമ്പുഴികര പാടശേഖരത്തിലെ കൊയ്ത്തുത്സവം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.

 

 ഹരിത കേരളം മിഷന്‍ കൃഷി ഉപമിഷന്റെ തരിശു രഹിത ഗ്രാമം പദ്ധതിയുടെ ഭാഗമായി കൃഷിയുടെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുകയും പരമാവധി തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കുക എന്ന ലക്ഷ്യവും മുന്‍നിര്‍ത്തി ഉദയനാപുരം പഞ്ചായത്തംഗം ജിനു ബാബുവിന്റെ നേതൃത്വത്തിൽ പാടശേഖര സമിതി അംഗങ്ങളുടെയും സന്നദ്ധ പ്രവർത്തകരായ യുവാക്കളുടെയും പങ്കാളിത്തത്തോടെയാണ് കൃഷി ആരംഭിച്ചത്. ഉദയനാപുരം പഞ്ചായത്തിലെ  90ഏക്കർ വരുന്ന പാടശേഖരം പതിറ്റാണ്ടുകളായി തരിശു കിടക്കുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ മണ്ണുമാന്തി ഉപയോഗിച്ചാണ് ശുചീകരണം നടത്തിയത്. കൃഷിസ്ഥലത്തേക്ക് എത്തിപ്പെടാനുള്ള വഴി പുല്ല് വളർന്ന് കാടു കയറിയതോടെ പാടശേഖര സമിതി ഏറെ പാടുപെട്ടാണ് യന്ത്ര സാമഗ്രികൾ പാടത്ത് എത്തിച്ചത്. 90ഏക്കർ വരുന്ന കൃഷി ഭൂമിയിൽ നൂറുമേനി വിളവാണ്. ലഭിച്ചത്  വിളവെടുപ്പ് ചടങ്ങിൽ പങ്കെടുത്ത കോട്ടയം ജില്ലാ കലക്ടറുടെ കൃഷിഭൂമിയും ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച കർഷകർക്കും നേതൃത്വം നൽകിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രഞ്ജിത്ത്, വൈക്കം എംഎൽഎ സി കെ ആശ എന്നിവരെ മന്ത്രി അഭിനന്ദിച്ചു. ചടങ്ങിൽ ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീ, വൈക്കം എം എൽ എ സി കെ ആശ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.