കോട്ടയം: സ്‌കോളർഷിപ്പുകൾ അടക്കമുള്ള വിവിധ ഓൺലൈൻ അപേക്ഷകൾക്കായി അപേക്ഷകർ നൽകുന്ന 'ഇ ഡിസ്ട്രിക്റ്റ്' റവന്യൂ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി പരിശോധിച്ച് ഉറപ്പാക്കാൻ അക്ഷയ കേന്ദ്രങ്ങൾക്ക് ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ നിർദ്ദേശം നൽകി.

'ഇ-ഡിസ്ട്രിക്റ്റ്' പേജിലെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ടാബ് വഴി പരിശോധിക്കാനാണ് അക്ഷയ സംരംഭകർക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്. 'ഇ ഡിസ്ട്രിക്റ്റ്' റവന്യൂ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനായി അപേക്ഷ നൽകാൻ അക്ഷയകേന്ദ്രങ്ങളെ മാത്രം പൊതുജനങ്ങൾ സമീപിക്കണം. അപേക്ഷ സമർപ്പിക്കാനായി വ്യാജ റവന്യൂ സർട്ടിഫിക്കറ്റുകൾ അക്ഷയകേന്ദ്രങ്ങൾക്ക് നൽകിയത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി സ്വീകരിച്ചിട്ടുള്ളത് എന്ന് ജില്ലാ കളക്ടർ പറഞ്ഞു.

വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്നവർക്കെതിരേയും തയാറാക്കുന്നവർക്കെതിരേയും കർശന നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീ അറിയിച്ചു.