പത്തനംതിട്ട ളാഹയിലെ ബസപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എട്ടു വയസുകാരനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും; ആരോഗ്യ മന്ത്രി.


പത്തനംതിട്ട: പത്തനംതിട്ട ളാഹയിലെ ബസപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എട്ടു വയസുകാരനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. മള്‍ട്ടിപ്പിള്‍ ഇന്‍ജുറിയാണ് കുട്ടിയ്ക്കുണ്ടായത്. ഈ കുട്ടിയുള്‍പ്പെടെ അഞ്ചു പേരേയാണ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തത്.

ചിലര്‍ക്ക് ശത്രക്രിയ ആവശ്യമാണ് എന്നും ആരോഗ്യ മന്ത്രി പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേയും കോന്നി മെഡിക്കല്‍ കോളേജിലേയും ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങുന്ന വിപുലമായ സംഘമാണ് പരിശോധനകളും ചികിത്സാ ക്രമീകരണങ്ങളും ഒരുക്കുന്നത്. 38 പേരാണ് നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലുള്ളത്. ബസിലുണ്ടായിരുന്ന പരിക്കേല്‍ക്കാത്തവര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യമൊരുക്കി. അവര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനുള്‍പ്പെടെയുള്ള ക്രമീകരണങ്ങളൊരുക്കും.

വിജയവാഡയില്‍ നിന്നുള്ള 44 പേരാണ് ബസിലുണ്ടായിരുന്നത്. അപകടം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ ബസിലുള്ളവരെ രക്ഷപ്പെടുത്തി. പത്തു മണിയോടെ അപകട സ്ഥലത്ത് നിന്നും ബസ് മാറ്റിയിട്ടുണ്ട്. പമ്പയിലേക്കുള്ള ട്രാഫിക്കിലും ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തിയിരുന്നു.