ഏറ്റുമാനൂർ: ഏറ്റുമാനൂർ-പുതുപ്പള്ളി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഏറ്റുമാനൂർ-പുന്നത്തുറ റോഡിൽ മീനച്ചിലാറിനു കുറുകെയുള്ള കമ്പനിക്കടവ് പാലത്തിന്റെ പുനർനിർമാണോദ്ഘാടനം സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു.
പുതിയ പാലം നിർമാണം എത്രയും വേഗം പൂർത്തിയാക്കുമെന്നും പാലം പൂർത്തിയാകും വരെ താത്കാലിക നടപ്പാലം നിർമ്മിക്കണമെന്ന് നിർമാണചുമതലയുള്ള സതേൺ ടെക് കമ്പനിയോട് നിർദേശിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. ഉമ്മൻ ചാണ്ടി എം.എൽ.എയുടെ കത്ത് അദ്ദേഹത്തിന്റെ അഭാവത്തിൽ സദസിൽ വായിച്ചു.
കമ്പനിക്കടവ് പാലം പുതുക്കി നിർമ്മിക്കുന്നതോടെ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ അയർക്കുന്നം പുന്നത്തുറ ഈസ്റ്റും, ഏറ്റുമാനൂർ നഗരസഭാ പുന്നത്തുറ വെസ്റ്റും തമ്മിൽ സുഗമമായ ഗതാഗതം സാധ്യമാവും.