കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 23-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം സഹകരണ രജിസ്‌ട്രേഷന്‍ സാംസ്‌ക്കാരിക സിനിമാ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു.
ചൈതന്യ കാര്‍ഷികമേളയോടും സ്വാശ്രയസംഘ മഹോത്സവത്തോടും അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ മുകളേല്‍ മത്തായി ലീലാമ്മ സംസ്ഥനതല കര്‍ഷക കുടുംബ പുരസ്‌ക്കരം കോട്ടയം ജില്ലയിലെ കുറിച്ചിത്താനം സ്വദേശി പ്രദീപ്കുമാര്‍ എസിനും കുടുംബത്തിനും ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി സമ്മാനിച്ചു. കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെയാണ് മേള സംഘടിപ്പിച്ചത്.
ആറ് ദിനങ്ങളിലായി നടത്തിയ മേള സന്ദർശിച്ചത് ആയിരക്കണക്കിന് പേരാണ്. മേളയോടനുബന്ധിച്ച് നൂറ് കണക്കിന് പ്രദര്‍ശന വിപണന സ്റ്റാളുകള്‍, അമൃതാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സുമായി സഹകരിച്ചുകൊണ്ടുള്ള മെഡിക്കല്‍ എക്‌സിബിഷന്‍, നേത്രപരിശോധന ക്യാമ്പ്, പുരാവസ്തു പ്രദര്‍ശനത്തോടൊപ്പം വിവിധ രാജ്യങ്ങളിലെ കറന്‍സികളുടെയും സ്റ്റാമ്പുകളുടെയും പ്രദര്‍ശനം, പനങ്കഞ്ഞി, എട്ടങ്ങാടി പുഴുക്ക് തുടങ്ങിയ വിഭവങ്ങളുമായുള്ള പൗരാണിക ഭോജന ശാല, നാടന്‍ രുചിവിഭവങ്ങള്‍ പങ്കുവയ്ക്കുന്ന തട്ടുകട, വിസ്മയവും കൗതുകവും നിറയ്ക്കുന്ന പെറ്റ് ഷോ, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉല്ലാസ പ്രദമായ അമ്യൂസ്‌മെന്റ് പാര്‍ക്ക്, വിവിധയിനം വിത്തിനങ്ങളുടെയും പുഷ്പ ഫല വൃക്ഷാദികളുടെയും പ്രദര്‍ശനവും വിപണനവും, പച്ചമരുന്നുകളുടെയും പാരമ്പര്യ ചികിത്സ രീതികളുടെയും പ്രദര്‍ശനം, മുറ-ജാഫര്‍വാദി ഇനത്തില്‍പ്പെട്ട പോത്ത് രാജക്കന്മാരായ സുല്‍ത്താന്റെയും മാണിക്യന്റെയും പ്രദര്‍ശനം, പക്ഷി മൃഗാദികളുടെ പ്രദര്‍ശനവും വിപണനവും തുടങ്ങിയവ ക്രമീകരിച്ചിരുന്നു. മേളയിൽ എത്തിയ ഓരോരുത്തർക്കും കാഴ്ചകളുടെ വിസ്മയ ലോകമാണ് തുറന്നു നൽകിയത്.