വാഹനമോടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം, എരുമേലിയിൽ കാറിനുള്ളിൽ അധ്യാപകനായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.


എരുമേലി: വാഹനമോടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അധ്യാപകനായ യുവാവിനെ എരുമേലിയിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പള്ളി ഗവണ്മെന്റ് ടെക്നിക്കൽ സ്കൂളിലെ ഇലക്ട്രോണിക്സ് ഡെമോൺസ്ട്രെറ്ററും എരുമേലി മുക്കൂട്ടുതറ ചാത്തൻതറ സ്വദേശിയുമായ ഓമണ്ണിൽ ഷെഫി യൂസഫ് (33)ആണ് മരിച്ചത്.

ഇന്ന് രാവിലെ എരുമേലി മുണ്ടക്കയം റോഡിൽ ചരളയ്ക്ക് സമീപമാണ് സംഭവം. രാവിലെ സ്‌കൂളിലേക്ക് കാറിൽ പോകുകയായിരുന്ന ഷെഫി ചരളയ്ക്ക് സമീപം എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്തോടെ വാഹനം റോഡിന്റെ സമീപത്ത് നിർത്തുകയായിരുന്നു. വാഹനം ഏറെ നേരെമായി ഓൺ ആയി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് അദ്ധ്യാപകൻ കാറിനുള്ളിൽ ബോധരഹിതനായി കിടക്കുന്നത് കണ്ടത്.

തുടർന്ന് വിവരം എരുമേലി പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. കാർ പൂർണ്ണമായും ലോക്ക് ആയിരുന്നതിനാൽ ഗ്ലാസ് തകർത്ത് ഡോർ തുറന്നാണ് യുവാവിനെ പുറത്തെടുത്തത്. തുടർന്ന് പോലീസ് വാഹനത്തിൽ എരുമേലി ഗവണ്മെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.