കോട്ടയം: ലഹരിമുക്ത കേരളം രണ്ടാം ഘട്ട പ്രചാരണത്തിന്റെ ഭാഗമായുള്ള ലഹരിയ്ക്കെതിരേ ഗോൾ ചലഞ്ച് പദ്ധതിയ്ക്ക് കളക്‌ട്രേറ്റിൽ തുടക്കം. കളക്‌ട്രേറ്റ് അങ്കണത്തിൽ സജ്ജീകരിച്ച ഗോൾ പോസ്റ്റിൽ പന്തടിച്ചുകൊണ്ട് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉദ്ഘാടനം നിർവഹിച്ചു.
കളക്ടറേറ്റിലെത്തുന്ന പൊതുജനങ്ങൾക്കും ഗോൾ ചലഞ്ചിൽ പങ്കെടുത്ത് ഗോളടിച്ച് സമ്മാനം നേടാനും അവസരമുണ്ട്. ഗോൾ പോസ്റ്റിനുള്ളിൽ തയാറാക്കിയ മങ്കിപോസ്റ്റിലേക്ക് രണ്ടു തവണ ഗോളടിച്ച് സമ്മാനം നേടാം. ഒരാൾക്ക് മൂന്ന് അവസരങ്ങളാണ് ലഭിക്കുന്നത്. ജില്ലാ ഭരണകൂടം, ജില്ലാപഞ്ചായത്ത്, എക്സൈസ്, ജില്ലാ സ്പോർട്ട്സ് കൗൺസിൽ,വിമുക്തി മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗോൾ ചലഞ്ച് ജനുവരി 26 വരെ കോട്ടയം കളക്ടറേറ്റ് പരിസരത്തു നടക്കും.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എം.കെ ശിവപ്രസാദ്, പാലാ റവന്യു ഡിവിഷണൽ ഓഫീസർ പി.ജി. രാജേന്ദ്ര ബാബു, എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.