ഹരിതകേരളം മിഷന്‍-ശുചിത്വ മിഷന്‍ എന്നിവയുടെ സഹകരണത്തോടെ ഹരിതമായി വൈക്കത്തഷ്ഠമി.


വൈക്കം: ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ഠമി 2022 ഹരിത പെരുമാറ്റചട്ടം പാലിച്ചു ആഘോഷിച്ചു. വൈക്കം നഗരസഭയുടെ നേതൃത്വത്തില്‍ നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് വൈക്കത്തഷ്ഠമി ഹരിതമാക്കിയത്.

കൃത്യമായ ഇടവേളകളിലുള്ള ജൈവ-അജൈവ മാലിന്യ ശേഖരണവും പ്രകൃതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്ന രീതി നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ വിപണനം ഒഴിവാക്കല്‍ എന്നിവ ഹരിത അഷ്ടമിക്ക് ജനശ്രദ്ധയേകി. കോവിഡിന് ശേഷമുള്ള ആദ്യത്തെ അഷ്ടമി ആഘോഷമായതിനാല്‍ നഗരസഭയ്ക്ക് കൂടുതല്‍ പ്രതിസന്ധികള്‍ അഭിമൂഖികരിക്കേണ്ടി വന്നിരുന്നെങ്കിലും പ്ലാസ്റ്റിക്ക് പൂര്‍ണമായി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനം മാതൃകയായി.

ഹരിതകര്‍മ്മസേനയുടെ നേതൃത്വത്തില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് ഭക്തജനങ്ങള്‍ക്ക്  സംഭാരം, കുടിവെള്ളം എന്നിവ വിതരണം ചെയ്യുന്നതിനായി ക്ഷേത്രപരിസരത്ത് തയ്യാറാക്കിയ സ്റ്റാള്‍ വൈക്കം ശ്രീ മഹാദേവ കോളേജിന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് ബാഗുമായി പ്രവേശിക്കുന്ന ഭക്ത ജനങ്ങള്‍ക്ക് പേപ്പര്‍ ബാഗ് വിതരണത്തിനായും കുടിവെള്ള വിതരണത്തിനായും സ്ഥാപിച്ച സ്റ്റാള്‍, പ്ലാസ്റ്റിക് ബാഗുമായി വരുന്നവരെ കണ്ടെത്തുന്നതിനായുള്ള വിദ്യാര്‍ത്ഥികളുടെ സ്‌ക്വാഡ്, ഹരിത കര്‍മ്മസേനയുടെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഹരിത മാതൃകയായി.

ക്ഷേത്രപരിസരത്ത് ഭക്തജനങ്ങള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതിനായി പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കി മണ്‍ പാത്രങ്ങളും മണ്‍ ഗ്ലാസ്സുകളും സ്റ്റീല്‍ ഗ്ലാസുകളുമാണ്  ഉപയോഗിച്ചിരുന്നത്. പ്ലാസ്റ്റിക് നിരോധനം ഉറപ്പാക്കുന്നതിന് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കൃത്യമായ ഇടവേളകളില്‍ കച്ചവടസ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും പരിശോധനയില്‍ 10 കിലോയില്‍ അധികം നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും 10000 രൂപ പിഴ ഈടാക്കുകയും ചെയ്തു. നാട്ടകം ഗവണ്‍മെന്റ് വിഎച്ച്എസ്ഇ സ്‌കൂളിലെ എന്‍എസ്എസ് വോളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ 40 ഓളം ജൈവ ബിന്നുകള്‍് ഹരിത കര്‍മ്മസേനയുടെ നേതൃത്വത്തില്‍  കച്ചവടസ്ഥാപനങ്ങളില്‍ വിതരണം ചെയ്തിരുന്നു.

നഗരസഭയുടെയും ഹരിതകേരളം മിഷന്റെയും നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ഹരിത അഷ്ടമിയുടെ പ്രാധാന്യം കൂടുതല്‍ ബോധ്യപ്പെടുന്നതിന് സഹായകമായി.