കോട്ടയം: കോട്ടയം ജില്ലാതല കേരളോത്സവം നടത്തുന്നതിനായി ജില്ലാ പഞ്ചായത്തിൽ ആലോചനാ യോഗം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി യോഗത്തിൽ അധ്യക്ഷയായിരുന്നു. കേരളോത്സവത്തിന്റെ ഭാഗമായുള്ള കലാ മത്സരങ്ങൾ ഡിസംബർ 10, 11 തീയതികളിലായി കോട്ടയത്ത് നടത്താൻ യോഗം തീരുമാനിച്ചു. വിവിധ സ്കൂളുകളുമായി ആലോചിച്ച് വേദി തീരുമാനിക്കും. കായിക മത്സരങ്ങൾ ഡിസംബർ 12, 13, 14 ദിവസങ്ങളിലായി പാലായിൽ നടത്തും.
ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നും ജില്ലാ തല കേരളോത്സവത്തിലേക്ക് പങ്കെടുക്കുന്നവരുടെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ എട്ടാണ്. ഒൻപതിന് വൈകിട്ട് സാംസ്കാരിക ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കമാവും. സംഘാടക സമിതി രൂപീകരണത്തിന് ശേഷം വിശദ വിവരങ്ങൾ അറിയിക്കും.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എസ് ശരത്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ എസ്. ഉദയകുമാരി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങൾ, ജില്ലാ പഞ്ചായത്തംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.