കോട്ടയം: ലോകമെങ്ങും കാൽപ്പന്താവേശത്തിൽ മുഴുകുമ്പോൾ നമ്മുടെ കോട്ടയവും തകർക്കുകയാണ്. കോട്ടയത്തും കാൽപ്പന്താവേശം ഒട്ടും ചെറുതല്ല. കോട്ടയത്ത് കാൽപ്പന്താവേശത്തിൽ പന്തയവുമായി സജീവമായിരിക്കുകയാണ് കോട്ടയം എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണനും മന്ത്രി വി എൻ വാസവനും. തിരുവഞ്ചൂർ അർജന്റീന ആരാധകനും വാസവൻ ബ്രസീൽ ആരാധകനുമാണ്. അർജന്റീന ജയിച്ചാൽ ചായ മേടിച്ചു തരുമോ? എന്ന് മന്ത്രി വി എൻ വാസവനോട് ചോദിച്ചാണ് തിരുവഞ്ചൂർ പന്തയത്തിനു തുടക്കമിട്ടത്.
തീർച്ചയായും വാങ്ങി തരുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. മറിച്ചു ബ്രസീൽ കിരീടം ചൂടിയാൽ എന്തു തരുമെന്ന മന്ത്രിയുടെ ചോദ്യത്തിന് തിരുവഞ്ചൂരിന്റെ ഉത്തരമെത്തി, ചായ വാങ്ങി തരും. സംസ്ഥാന കായിക യുവജന കാര്യാലയവും കേരളാ സ്പോർട്സ് കൗൺസിലും സ്പോർട്സ് കേരളാ ഫൗണ്ടേഷനും സ്പോർട്സ് കൗൺസിലും സംയുക്തമായി ലോകകപ്പിനെ വരവേൽക്കാൻ സംഘടിപ്പിച്ച വൺ മില്യൺ ഗോൾ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയത്തു നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും. സമർത്ഥരായ ടീമാണ് ബ്രസീലിന്റേതെന്നും ചിട്ടയായ പരിശീലനവും മുൻ അനുഭവങ്ങളും ബ്രസീലിന്റെ കിരീടം ചൂടിക്കുമെന്നും മന്ത്രി പറഞ്ഞു. 5 തവണ ലോകകപ്പ് നേടിയ ഏക ടീമും ബ്രസീൽ ആണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വർഗീസ് ഗുരുക്കൾ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, മുൻസിപ്പൽ ചെയർ പേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, പ്രതിപക്ഷ നേതാവ് ഷീജ അനിൽ, കൗൺസിലർ സിൻസി പാറേൽ, കോട്ടയം സർക്കിൾ സഹകരണ യൂണിയൻ പ്രസിഡന്റ് കെ. എം രാധാകൃഷ്ണൻ, ടി.യു ജോൺ, കോട്ടയം ഈസ്റ്റ് എസ്.എച്ച്.ഒ ശ്രീജിത്ത്, ബ്രാന്റ് അംബാസിഡറും മുൻ സന്തോഷ് ട്രോഫി താരവുമായ പി.എസ് അഷീം, സെന്റ് എഫ്രേംസ് സ്പോർട്സ് അക്കാഡമി ഡയറക്ടർ ഫാ.ആന്റണി കാഞ്ഞിരത്തിങ്കൽ, ഫാ. ജെയിംസ് മുല്ലശ്ശേരി എന്നിവർ പങ്കെടുത്ത് ഗോളടിച്ചു. ചടങ്ങിൽ എക്സ്സൈസ് ഓഫീസർ പി എസ് സുമോദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.