ക്രമക്കേടു കണ്ടാലുടൻ ക്രിമിനൽ കേസെടുക്കുന്ന തരത്തിൽ സഹകരണ നിയമം പരിഷ്‌കരിക്കും: മന്ത്രി വി.എൻ. വാസവൻ.


കോട്ടയം: സഹകരണ ബാങ്കുകളിൽ ക്രമക്കേടുകൾ കണ്ടാലുടൻ തന്നെ ക്രിമിനൽ കേസെടുക്കാൻ ഉതകുന്ന തരത്തിലുള്ള നിയമഭേദഗതി സഹകരണമേഖല സംബന്ധിച്ച സമഗ്രനിയമത്തിന്റെ പുതിയ കരടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു സഹകരണ-സാംസ്‌കാരിക വകുപ്പുമന്ത്രി വി.എൻ. വാസവൻ.

ഡിസംബർ അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ തന്നെ ബില്ല് അവതരിപ്പിക്കാനാണ് സഹകരണവകുപ്പ് ശ്രമിക്കുന്നത്. ബിൽ സെലക്ട് കമ്മിറ്റിക്ക് വിട്ടുകൊണ്ടു വിശദമായ ചർച്ചയാണ് ലക്ഷ്യമിടുന്നത്. തുടർന്ന് ഓരോ ജില്ലയിലും സിറ്റിങ്ങുകൾ നടത്തി സഹകാരികളും മേഖലയിലെ വിദഗ്ധരും അഭിഭാഷകരുമായും ചർച്ചകൾ നടത്തി കുറ്റമറ്റ നിയമം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. 69-ാമത് അഖിലേന്ത്യാ സഹകരണവാരാഘോഷത്തിന്റെ കോട്ടയം ജില്ലാ തല സമാപനം തിരുനക്കര മൈതാനത്തു നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കേരള ബാങ്കിന്റെ വിവരസാങ്കേതിക വിദ്യ സമന്വയം ഡിസംബറോടെ പൂർത്തിയാക്കും. എ.ടി.എമ്മും, മൊബൈൽ ബാങ്കിങ്ങും ഇന്റർനെറ്റ് ബാങ്കിങ്ങുമായി എല്ലാ രംഗത്തും പുതുതലമുറ ബാങ്കുകളോടു കിട പിടിക്കുന്ന രീതിയിൽ കേരളാ ബാങ്ക് മാറും.

കേരളാ ബാങ്ക് കേരളത്തിന്റെ നമ്പർ വൺ ബാങ്ക് ആകും. പ്രാഥമിക സഹകരണ സംഘങ്ങളും ഐ.ടി. അധിഷ്ഠിത പ്രവർത്തനരീതിയിലേക്കു മാറുകയാണ്. ഇതിന്റെ ടെൻഡർ നടപടികൾ തുടങ്ങിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എൽ.എൽ.എ. ചടങ്ങിൽ അധ്യക്ഷനായി. അഖിലേന്ത്യാ സഹകരണവാരാഘോഷത്തോടനുബന്ധിച്ചു സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കും സഹകരണസംഘം ജീവനക്കാർക്കും വേണ്ടി നടത്തിയ മത്സരങ്ങളിലെ വിജയികൾക്കു തോമസ് ചാഴികാടൻ എം.പി. സമ്മാനങ്ങൾ  നൽകി. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ സഹകരണ സന്ദേശം നൽകി. സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ കെ.എം. രാധാകൃഷ്ണൻ, കേരളാ ബാങ്ക് ഡയറക്ടർ ഫിലിപ്പ് കുഴികുളം, ചങ്ങനാശേരി അർബൻ ബാങ്ക് ചെയർമാൻ എ.വി. റസൽ, കോട്ടയം പി.സി.എ.ആർ.ഡി.ബി. പ്രസിഡന്റ് അഡ്വ. ജി. ഗോപകുമാർ, പി.എ.സി.എസ്. അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ. ജയകൃഷ്ണൻ, കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ. സതീഷ്ചന്ദ്രൻ നായർ, മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളീക്കൽ, വൈക്കം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എം. ഹരിദാസ്, സഹകരണവകുപ്പ് ഓഡിറ്റ് ജോയിന്റ് ഡയറക്ടർ എസ്. ജയശ്രീ, ജോയിന്റ് രജിസ്ട്രാർ ജനറൽ എൻ. വിജയകുമാർ, സംഘടനാപ്രതിനിധികളായ ടി.സി. വിനോദ്, കെ.കെ. സന്തോഷ്, ആർ. ബിജു എന്നിവർ പ്രസംഗിച്ചു. സഹകരണ മേഖലയുടെ വളർച്ച വിളിച്ചോതുന്ന ഫ്ളോട്ടുകൾ ഉൾപ്പെടുന്ന വർണാഭമായ സഹകരണ ഘോഷയാത്ര രാവിലെ 10.00 മണിക്ക് പോലീസ് ഗ്രൗണ്ടിൽ നിന്നാരംഭിച്ചു തിരുനക്കര മൈതാനത്ത് സമാപിച്ചു. റോളർ സ്‌കേറ്ററിങ്, മയിലാട്ടം, കരകാട്ടം, പഞ്ചവാദ്യം, ബാൻഡ് മേളം, വർണക്കുടകൾ എന്നിവയുടെ അകമ്പടിയോടെ വൻ ജനപങ്കാളിത്തത്തോടെയായിരുന്നു ഘോഷയാത്ര.