നിയമബോധവത്കരണം: ജില്ലയിലെ രണ്ടാംഘട്ട പ്രചാരണപരിപാടികൾ സമാപിച്ചു.


കോട്ടയം: ദേശീയ നിയമ സേവന അതോറിട്ടിയുടെ പ്രവർത്തനങ്ങൾ തുടങ്ങി 25 വർഷം പിന്നിട്ടിട്ടും രാജ്യത്തെ ജനസംഖ്യയുടെ 17 ശതമാനം ആളുകളിലേ അതിന്റെ പ്രയോജനമെത്തിക്കാനായിട്ടുള്ളുവെന്നും അർഹിച്ച മുഴുവൻ പേരിലും സൗജന്യ നിയമ സഹായം എത്തിക്കാൻ മറ്റു സർക്കാർ വകുപ്പുകൾ കൂടി നിർദേശങ്ങൾ നൽകണമെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാർ . ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യ നീതി ഉറപ്പാക്കുന്നതിൽ ജുഡീഷ്യറിയെപ്പോലെ മറ്റു ഭരണഘടനാ സ്ഥാപനങ്ങൾക്കും അധികൃതർക്കും തുല്യ ഉത്തരവാദിത്തമാണെന്നും ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാർ പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികഘോഷ പരിപാടികളുടെ ഭാഗമായി ദേശീയ നിയമസേവന അതോറ്റിറ്റി നടത്തുന്ന നിയമബോധവത്കരണം രണ്ടാംഘട്ട പ്രചാരണപരിപാടികളുടെ കോട്ടയം ജില്ലാതല സമാപനചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വേഗത്തിൽ പരിഹരിക്കപ്പെടാവുന്ന വിഷയങ്ങൾ കാലതാമസം കൂടാതെ തീർപ്പാക്കാൻ കഴിയണമെന്നും ജസ്റ്റീസ് സുരേഷ്കുമാർ പറഞ്ഞു. കളക്ട്രേറ്റ് വിപഞ്ചിക ഹാളിൽ സംഘടിപ്പിച്ചു പരിപാടിയിൽ ജില്ലാ-സെഷൻസ് കോടതി ജഡ്ജി എൻ. ഹരികുമാർ അധ്യക്ഷനായി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. മുഖ്യാതിഥിയായി.

ജില്ലാ കളക്ടർ ഡോ: പി.കെ. ജയശ്രീ, കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സി.ആർ. രവിചന്ദർ, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്, എൻ.സി.സി. കോട്ടയം പതിനാറാം കേരള ബറ്റാലിയൻ കമാൻഡിങ് ഓഫീസർ കേണൽ പി. ദാമോദരൻ, കോട്ടയം ബാർ അസോസിയേഷൻ പ്രസിഡന്റ് രാജീവ് പി. നായർ, താലൂക്ക് നിയമസേവന കമ്മിറ്റി ചെയർമാനും അഡീഷണൽ ജില്ലാ-സെഷൻസ് ജഡ്ജിയുമായ കെ.എൻ. സുജിത്ത്, ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എസ്. സുധീഷ്‌കുമാർ എന്നിവർ പങ്കെടുത്തു. എൻ.സി.സി., എസ്.പി.സി., എൻ.എസ്.എസ് കേഡറ്റ്സ്, വിദ്യാർഥികൾ, ലീഗൽ സർവീസ് അതോറിറ്റി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. കളക്ട്രേറ്റ് മുതൽ ഗാന്ധി സ്‌ക്വയർ വരെ നടന്ന സൈക്കിൾ റാലി ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാർ ഫ്‌ളാഗ് ഓഫ് ചെയ്തു. തുടർന്ന് എൻ.സി.സി., എസ്.പി.സി., എൻ.എസ്.എസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഫ്‌ളാഷ് മോബും നടന്നു. ഒക്‌ടോബർ 31നാണ് രണ്ടാംഘട്ട പ്രചാരണ പരിപാടികൾ ആരംഭിച്ചത്. എല്ലാ താലൂക്കുകളിലും വിദ്യാർഥികൾ, തൊഴിലാളികൾ, സ്ത്രീകൾ അടക്കം വിവിധ വിഭാഗങ്ങളിലുള്ളവർക്കായി നിയമ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു.