കോട്ടയം ജില്ലയിൽ സാമൂഹിക സന്നദ്ധ പ്രവർത്തകർക്കുള്ള പരിശീലനം തുടങ്ങി.


കോട്ടയം: ദുരന്തങ്ങൾ ഉണ്ടായാൽ മുഖം തിരിച്ചു നിൽക്കാതെ സമയബന്ധിതമായും സമയോചിതമായും ഇടപെടാനുള്ള മനസ് ആണു വേണ്ടതെന്ന് സഹകരണ സാംസ്കാരിക വകുപ്പു മന്ത്രി വി.എൻ. വാസവൻ. സംസ്ഥാന സർക്കാർ സാമൂഹിക സന്നദ്ധ സേനാ ഡയറക്ടറേറ്റും ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയും സാമൂഹിക സന്നദ്ധ സേനാ പ്രവർത്തകർക്കായി സംഘടിപ്പിച്ച പരിശീലനത്തിന്റെ ജില്ലാ തല ഉദ്ഘാടനം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ആദ്യം ബന്ധപ്പെടേണ്ട ആൾ ആരാണെന്ന് ഓരോ സന്നദ്ധ പ്രവർത്തകനും അറിഞ്ഞിരിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർ പേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു.  സബ് കളക്ടർ സഫ്ന നസ്റുദീൻ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജിനു പുന്നൂസ്, ഡി.വൈ.എസ്.പി : കെ. ജി. അനീഷ്, തഹസീൽദാർ എസ്.എൻ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. കോട്ടയം താലൂക്ക് തലത്തിൽ സന്നദ്ധ പ്രവർത്തകർക്കുള്ള പരിശീലനം ഇന്നലെ മാമ്മൻ മാപ്പിള ഹാളിൽ നടന്നു.  1000 സന്നദ്ധസേന പ്രവർത്തകർക്കാണ് ദുരന്ത മുന്നൊരുക്ക പരിശീലനം നൽകുന്നത്.ദുരന്ത സാധ്യതകൾ മുൻകൂട്ടി കണ്ട് പ്രതിരോധമാർഗം തയാറാക്കുകയും ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുകയുമാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.

താലൂക്ക്തലത്തിലാണ് പരിശീലനങ്ങൾ നടത്തുന്നത്. സ്‌പോട്ട് രജിസ്‌ട്രേഷനും അവസരമുണ്ട്. ഇന്ന് വൈക്കം താലൂക്കിലെ ഞീഴൂർ ഗ്രാമപഞ്ചായത്ത് ഹാളിലും 24ന് കാഞ്ഞിരപ്പള്ളി താലൂക്കിലെ ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഹാളിലും 25ന് ചങ്ങനാശ്ശേരി താലൂക്കിലെ   ചങ്ങനാശ്ശേരി മുൻസിപ്പൽ കമ്യൂണിറ്റി ഹാളിലും 26ന് മീനച്ചിൽ താലൂക്കിലെ പാലാ മുൻസിപ്പൽ ടൗൺ ഹാളിലും പരിശീലനം സംഘടിപ്പിക്കും.