ളാഹ അപകടത്തിൽ പരിക്കേറ്റ ശബരിമല തീർത്ഥാടകരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മന്ത്രി വി എൻ വാസവൻ സന്ദർശിച്ചു.


കോട്ടയം: ളാഹ അപകടത്തിൽ പരിക്കേറ്റ ശബരിമല തീർത്ഥാടകരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മന്ത്രി വി എൻ വാസവൻ സന്ദർശിച്ചു. ആന്ധ്ര സ്വദേശികളായ എട്ടു വയസുള്ള മണികണ്ഠൻ, രാജശേഖരൻ, ഗോപി, രാജേഷ് എന്നിവരാണ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്.

ആശുപത്രിയിൽ ഉള്ളവർ അപകടനില തരണം ചെയ്തു എന്നാണ് ഡോക്ടർമാർ അറിയിച്ചത് എന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മണികണ്ഠൻ എന്ന കുട്ടിയുടെ ചികിത്സ മികച്ച രീതിയിൽ പുരോഗമിക്കുന്നുണ്ട് എന്ന് മന്ത്രി പറഞ്ഞു.കുട്ടിയുടെ രക്ഷിതാവുമായി സംസാരിച്ചതായും കുട്ടി സംസാരിക്കുന്നത് കണ്ടപ്പോൾ ഏറെ ആശ്വാസമായതായും മന്ത്രി പറഞ്ഞു.

കുട്ടിയുടെ അന്തരികാവയത്തിന് തകരാറുണ്ട്. പുറമേയുള്ള പരിക്കിന് പ്ലാസ്റ്റിക്ക് സർജറി ഉൾപ്പെടെയുള്ളവ ചെയ്യുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. മികച്ച ചികിത്സ ലഭ്യമാക്കാനുള്ള എല്ലാ നിർദ്ദേശവും നൽകിയിട്ടുണ്ട് എന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.