ശബരിമല തീർഥാടനം: എരുമേലി-പമ്പാ സർവ്വീസിൽ എരുമേലി കെഎസ്ആർടിസി ഓടിയെത്തിയത് 22.48 ലക്ഷം രൂപയെന്ന ഡിപ്പോയുടെ ചരിത്രത്തിലെ ഉയർന്ന റെക്കോർഡ് നേട്ടത്തിലേക്ക


എരുമേലി: മണ്ഡല-മകരവിളക്ക് തീർഥാടന കാലം ആരംഭിച്ചു ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ എരുമേലി-പമ്പാ സർവ്വീസിൽ എരുമേലി കെഎസ്ആർടിസി ഓടിയെത്തിയത് 22.48 ലക്ഷം രൂപയെന്ന ഡിപ്പോയുടെ ചരിത്രത്തിലെ ഉയർന്ന റെക്കോർഡ് നേട്ടത്തിലേക്ക്. മറ്റു ജില്ലകളിലെ ഡിപ്പോകളിൽ നിന്നുള്ള കെഎസ്ആർടിസി ബസ്സുകളും എരുമേലി വഴി പമ്പയിലേക്ക് ശബരിമല സ്പെഷ്യൽ സർവീസ് നടത്തുന്നുണ്ട്.

എരുമേലിയിൽ നിന്നും ഇതുവരെ 300 ലധികം സർവ്വീസുകളാണ് നടത്തിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കൂടുതൽ തീർഥാടകർ എത്തുന്നുണ്ട്. കൂടുതലാളുകൾ എത്തുന്നതോടെ കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകും. മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് എരുമേലി കെഎസ്ആർടിസി ഒപ്പറേറ്റിങ് സെന്ററിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റെക്കോർഡ് കളക്ഷനാണ് ഈ ദിവസങ്ങൾക്കുള്ളിൽ ലഭിച്ചത് എന്ന് അധികൃതർ പറഞ്ഞു. നിലവിൽ 10 ബസ്സുകളാണ് എരുമേലിയിൽ നിന്നും പമ്പയിലേക്ക് സർവീസ് നടത്തുന്നത്. തീർഥാടകരുടെ തിരക്ക് ഏറിയതോടെ 5 ബസ്സുകൾ കൂടി അനുവദിച്ചിട്ടുള്ളതായും അധികൃതർ പറഞ്ഞു.

പരാധീനതകൾക്ക് നടുവിൽ പ്രവർത്തിക്കുന്ന എരുമേലി കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ ആണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ദിവസേന നിരവധി ദീർഘ ദൂര സർവ്വീസുകളടക്കം ഓപ്പറേറ്റ് ചെയ്യുന്ന എരുമേലി കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിന്റെ അവസ്ഥ വളരെ പരിതാപകരമാണ്.

ജീവനക്കാർക്ക് വിശ്രമിക്കുന്നതിനാവശ്യമായ മുറികളോ സംവിധാനങ്ങളോ ഇവിടെയില്ല. സ്ഥല പരിമിതികൾ കാരണം സർവ്വീസ് കഴിഞ്ഞ ബസുകൾ പാർക്ക് ചെയ്യുന്നത് പോലും റോഡരുകിലായിരുന്നു. തീർഥാടന കാലത്ത് കൂടുതൽ ബസ്സുകളും സർവ്വീസുകളും നടത്തുന്നതിനാൽ സ്വകാര്യ വ്യക്തിയുടെ പാർക്കിങ് മൈതാനത്താണ് ഇപ്പോൾ ബസ്സുകൾ പാർക്ക് ചെയ്യുന്നത്.