കടുത്തുരുത്തി: നീർത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയായ നീരുറവ് പദ്ധതിയുടെ കടുത്തുരുത്തി പഞ്ചായത്തുതല ഉദ്ഘാടനം വൈസ് പ്രസിഡന്റ് സി ബി പ്രമോദ് നിർവഹിച്ചു. ജനപങ്കാളിത്തത്തോടെ ഓരോ ഗ്രാമ പഞ്ചായത്തുകളിലെയും നീർച്ചാൽ ശൃംഖലകൾ കണ്ടെത്തി നീർച്ചാലുകളിലും അവയുടെ വൃഷ്ടിപ്രദേശങ്ങളിലും അനുയോജ്യമായ പരിപാലന പ്രവർത്തികൾ ഉൾപ്പെടുന്ന പദ്ധതി രേഖ തയാറാക്കി നിർവഹിക്കുക എന്നതാണ് നീരുറവ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.
എഴുമാന്തുരുത്ത് നീർത്തടത്തിന്റെ അതിർത്തി നിർണ്ണയത്തോടെയാണ് പദ്ധതിക്ക് തുടക്കമായത്. പഞ്ചായത്തിൽ മൊത്തം എട്ട് നീർത്തടങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സമഗ്ര പദ്ധതി രേഖ തയാറാക്കിയ ശേഷം നീർത്തടങ്ങളിൽ തൊഴിലുറപ്പു പദ്ധതി പ്രകാരം പരിപാലന പ്രവർത്തനങ്ങൾ നടത്തും.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.എസ് സുമേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ജിൻസി എലിസബത്ത്, ഗ്രാമപഞ്ചായത്തംഗങ്ങളായ നോബി മുണ്ടക്കൽ, ജയ്സൺ കുര്യൻ, പഞ്ചായത്ത് എ.ഇ എം സുനിത, ഓവർസിയർ ജെയിൻ മാത്യു എന്നിവർ സംസാരിച്ചു.