പാലാ ജൂബിലി തിരുനാളിനു ഡിസംബർ ഒന്നിന് കൊടിയേറും.


പാലാ: പ്രസിദ്ധമായ പാലാ ജൂബിലി തിരുനാളിനു ഡിസംബർ ഒന്നിന് കൊടിയേറും. പാലാ ടൗൺ കപ്പേളയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാൾ ഇത്തവണ ആഘോഷിക്കുന്നത് പാലായുടെ പൂരമായി തന്നെ.

കഴിഞ്ഞ രണ്ട് വർഷങ്ങളിലായി കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ആഘോഷം നടത്തിയിരുന്നത്. ഇത്തവണ നിയന്ത്രണങ്ങൾ നിലനിൽക്കാത്തത്തിനാൽ പാലായുടെ പൂരമായി തന്നെ ജൂബിലി തിരുനാൾ ആഘോഷിക്കാൻ ഒരുങ്ങുകയാണ് പാലാക്കാർ. ഡിസംബർ ഒന്ന് മുതൽ 9 വരെയാണ് പ്രസിദ്ധമായ പാലാ ജൂബിലി തിരുനാൾ ആഘോഷിക്കുന്നത്. 8നാണ് പ്രശസ്തമായ ജൂബിലി സാംസ്കാരിക ഘോഷയാത്ര. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ നടത്താതിരുന്ന ടാബ്ലോ,റാലി,നാടകം എന്നീ ആഘോഷങ്ങൾ ഈ വർഷമുണ്ട്.

പാലാ ജൂബിലിയോടനുബന്ധിച്ചുള്ള പന്തലിന്റെ കാൽ നാട്ട് കർമ്മം കഴിഞ്ഞ ദിവസം നിർവ്വഹിച്ചു. ജൂബിലി തിരുനാളിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി പാലാ ആർ ഡി ഓ യുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. പാലാ നഗരത്തിലെ വിവിധ ദേവാലയങ്ങളുടെ നേതൃത്വത്തിലാണ് ഭക്തി നിർഭരമായ ജൂബിലി തിരുനാൾ ആഘോഷിക്കുന്നത്.