ശബരിമല: മണ്ഡല-മകരവിളക്ക് തീർഥാടനത്തിനായി ശബരിമല ഒരുങ്ങിക്കഴിഞ്ഞു. ഇനി ഒരു മാസത്തിലധികം അയ്യപ്പ ശരണ വിളികളാൽ ശബരിമല മുഖരിതമാകും. കേരളത്തിന് അകത്തും പുറത്തും നിന്നായി ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരാണ് ഓരോ മണ്ഡലകാലത്തും ശബരിമലയിലെത്തുന്നത്. ഇത്തവണയും ഭക്ത ലക്ഷങ്ങൾ മല ചവിട്ടി അയ്യപ്പനെ കാണാനെത്തും.
മണ്ഡല പൂജയ്ക്കായി ശബരിമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ നവംബർ 16ന് വൈകിട്ട് അഞ്ച് മണിക്ക് തുറക്കും. ഡിസംബർ 27 നാണ് മണ്ഡല പൂജ. മണ്ഡല പൂജയ്ക്കുശേഷം ഡിസംബർ 27 ന് രാത്രി 10ന് നട അടയ്ക്കും. മകരവിളക്ക് ആഘോഷങ്ങൾക്കായി ഡിസംബർ 30 ന് വൈകീട്ട് 5 ന് നട തുറക്കും. വൃശ്ചികം 17 ന് പുതിയ മേൽശാന്തിമാർ സ്ഥാനം ഏറ്റെടുക്കുന്നതോടെ ഒരു വർഷക്കാലം ഭഗവാനെ പൂജിക്കാൻ ഭാഗ്യം ലഭിച്ച ശബരിമല മാളികപ്പുറം മേൽശാന്തിമാർ പടിനെട്ടാം പടി ഇറങ്ങി സ്വദേശത്തേക്ക് മടങ്ങും. ദർശനത്തിനായി മുൻകൂട്ടി ബുക്ക് ചെയ്യ്ത ഓൺലൈൻ വെർച്ച്വൽ ക്യൂ പാസ് നിർബദ്ധമാണ്. ദർശനത്തിനായി എത്തുന്ന തീർത്ഥാടകരുടെ വാഹനങ്ങൾക്ക് നിലയ്ക്കൽ ആണ് പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
പതിനഞ്ചിൽ താഴെ തീർത്ഥാടകരുമായി എത്തുന്ന വാഹനങ്ങൾക്ക് പമ്പയിൽ ഭക്തരെ ഇറക്കി തിരികെ പാർക്കിംഗ് മേഖലയായ നിലയ്ക്കലിലേക്ക് വരാവുന്നതാണ്. നിലയ്ക്കലിൽ നിന്നും KSRTC സർവ്വീസുകൾ പമ്പയിലേക്ക് 24 മണിക്കുറും ഉണ്ടായിരിക്കും. പമ്പാ സ്നാനം അനുവദിക്കും. പമ്പാ നദിയിൽ തുണികൾ മാലകൾ എന്നിവ ഉപേക്ഷിക്കരുത്. പമ്പാ ക്ഷേത്രത്തിൽ കെട്ടുനിറയ്ക്കാൻ സൗകര്യമുണ്ടായിരിക്കുന്നതാണ്. മലകറുമ്പോൾ ആര്യോഗപ്രശ്നങ്ങൾ നേരിടുന്നവർക്ക് പമ്പയിലും നീലിമലയിലും സന്നിധാനത്തും വൈദ്യശുശ്രൂഷ ലഭ്യമാണ്. സന്നിധാനത്തേക്കുള്ള വഴികളിലെല്ലാം ചുക്കുവെള്ളം ഭക്തർക്ക് ലഭ്യമാണ്. സന്നിധാനത്തും പമ്പയിലും അന്നദാനം ഉണ്ടായിരിക്കും. അയ്യപ്പൻമാർക്ക് സന്നിധാനത്ത് വിരിവെയ്ക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. പമ്പാ മോദക കൗണ്ടർ സന്നിധാനം അപ്പം അരവണ കൗണ്ടർ 24 മണിക്കൂറും ഭക്തർക്കായി പ്രവർത്തിക്കുന്നതാണ്.