അയ്യനെ കാണാൻ ഭക്തജനപ്രവാഹം, ഒരാഴ്ച കൊണ്ട് 30 കോടി കവിഞ്ഞ് നടവരവ്, വരുമാനമുണ്ടായിട്ടും അടിസ്ഥാന സൗകര്യങ്ങളിൽ പോരായ്മ തുടരുന്നതിൽ തീർത്ഥാടകർക്ക് അമർഷം.


പത്തനംതിട്ട: ശബരിമല നടവരവിൽ വൻ വർധന. ആദ്യ ഒരാഴ്ച കൊണ്ട് വരുമാനം മുപ്പതു കോടി കവിഞ്ഞതായി റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധികൾ മൂലം നട്ടം തിരിയുന്ന ദേവസ്വം ബോർഡിന് വലിയ ആശ്വാസമാണ് വരുമാന വർധനവ്. ഒരുവശത്ത് വരുമാനം കുത്തനെ കൂടുമ്പോഴും ശബരിമലയിൽ തീർത്ഥാടകർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ മികച്ചതാക്കാൻ ദേവസ്വം ബോർഡും സർക്കാരും തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം.

കൊറോണ നിയന്ത്രണങ്ങൾ മാറ്റിയതിനാൽ ശബരിമല സന്നിധാനത്തേക്ക് ഇക്കുറി വലിയ ഭക്തജന പ്രവാഹമാണുണ്ടാകുന്നത്. ഇതുതന്നെയാണ് വരുമാനം ഒരാഴ്ച കൊണ്ട് 30 കോടി രൂപയിലെത്താൻ കാരണം. കഴിഞ്ഞ വർഷം ആദ്യ പത്തു ദിവസത്തിനുള്ളിൽ കേവലം 10 കോടി രൂപ മാത്രമായിരുന്നു നടവരവ്. ഇത്തവണ അരവണയുടെ വിറ്റുവരവിലൂടെയാണ് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത്. എന്നാൽ ഈ കണക്കുകളുടെ ഔദ്യോഗിക വിവരങ്ങൾ ദേവസ്വം ബോർഡ് പുറത്തു വിട്ടിട്ടില്ല. വരുമാനമുണ്ടെങ്കിലും അതിൽ കൂടുതൽ ചിലവുണ്ടെന്നാണ് ദേവസ്വം ബോർഡിന്റെ വാദം.

വരുമാനം ഗണ്യമായി വർധിക്കുമ്പോഴും ശബരിയിൽ എത്തുന്ന തീർത്ഥാടകർക്ക് കാര്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാത്തതിനാൽ ഭക്തർക്ക് വലിയ പ്രതിഷേധമാണുള്ളത്. വരും ദിവസങ്ങളിലും സന്നിധാനത്ത് തിരക്ക് വർധിക്കുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ ഇത്തവണ ശബരിമല നടവരവ് റെക്കോർഡ് രേഖപ്പെടുത്തുമെന്നാണ് ദേവസ്വം ബോർഡിന്റെ കണക്കുകൂട്ടൽ.