ശബരിമല തീർത്ഥാടകർക്കായി 24 മണിക്കൂറും പ്രവർത്തിക്കാൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ശബരിമല വാർഡ് സജ്ജം: മന്ത്രി വീണാ ജോർജ്.


പത്തനംതിട്ട: സുരക്ഷിതവും ആരോഗ്യകരവുമായ തീർത്ഥാടന കാലം ഒരുക്കാൻ  ആരോഗ്യ വകുപ്പ് സുസജ്ജമെന്ന്ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ തീർത്ഥാടകർക്കായി ഒരുക്കിയിട്ടുള്ള 24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല വാർഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

എല്ലാ ബെഡുകളിലും ഓക് സിജൻ സപ്ലൈ,   വെന്റിലേറ്റർ , പോർട്ടബിൾ വെന്റിലേറ്റർ, ഓക്സിജൻ ബെഡ്, ഇസിജി, ഓക്സിജൻ കോൺസൻട്രേറ്റർ, മൾട്ടി പാരാ മോണിറ്റർ, ബൈപാസ് വെന്റിലേറ്റർ തുടങ്ങി ഐ.സി.യു അടക്കമുള്ള അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ശബരിമല വാർഡിൽ 18 ഉം കാർഡിയോളജി വിഭാഗത്തിൽ രണ്ടും അടക്കം ഇരുപത് ബെഡുകൾ ഒരുക്കിയിട്ടുണ്ട്. ജീവൻ രക്ഷാ മരുന്നുകൾ, ജീവൻ രക്ഷാ ഉപകരണങ്ങൾ  ലാബ് ടെസ്റ്റുകൾ തുടങ്ങി എല്ലാ സേവനങ്ങളും സൗജന്യമായി നൽകും . ആശുപത്രിയുടെ ദൈനം ദിന പ്രവർത്തനങ്ങളെ ബാധിക്കാത്ത വിധം ശബരിമല വാർഡിലേക്ക് മാത്രമായി ഡോക്ടർമാർ , സ്റ്റാഫ് നഴ്സുമാർ , അറ്റൻഡർമാർ  അടക്കമുളള ടീമിന്റെ 24 മണിക്കൂർ സേവനം ഒരുക്കിയിട്ടുണ്ട്.

കോന്നി മെഡിക്കൽ കോളേജിലും പ്രത്യേക വാർഡ് ക്രമീകരിച്ചിട്ടുണ്ട്. ഇത്തവണ പമ്പ കേന്ദ്രീകരിച്ച് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.തീർത്ഥാടന പാതയിയിൽ ഏതെങ്കിലും തീര്‍ഥാടകന് നെഞ്ചുവേദനയോ ഹൃദയ സ്തംഭനമോ ഉണ്ടായാൽ  അവരുടെ അടുത്തേക്ക് അഞ്ച് മിനിറ്റിനുള്ളില്‍ ആരോഗ്യപ്രവര്‍ത്തകർ എത്തി  വേണ്ട ശുശ്രൂഷ നൽകി പമ്പയിൽ എത്തിച്ച് ഉടൻ തന്നെ ജനറൽ ആശുപത്രിയിലെത്തിക്കുവാനുള്ള ക്രമീകരണവും ആവശ്യമെങ്കിൽ കാത്തിരപ്പള്ളിയിലേക്ക് കൊണ്ടു പോകുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.  കാത്ത് ലാബും,  കാർഡിയോളജിസ്റ്റുകളെയും അധികമായി നിയോഗിച്ചിട്ടുണ്ട്. പൾമനോളജിസ്റ്റുകളുടെയും സേവനം ഉറപ്പു വരുത്തുo. ആയുഷ് മേഖലയുമായി ബസപ്പെട്ട് ആയുർവേദം , ഹോമിയോ വകുപ്പുകളുമായി സഹകരിച്ച് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നീലിമലയിലും അപ്പാച്ചി മേട്ടിലും കാർഡിയോളജി സെന്ററുകളുടെ പ്രവർത്തനം ആരംഭിച്ചു. എമർജൻസി മെഡിക്കൽ സെന്ററിലേക്കുള്ള ആരോഗ്യ പ്രവർത്തകർ പരിശീലനo പൂർത്തിയാക്കി ചുമതലയേറ്റു. പമ്പയിലും നിലയ്ക്കലും ഉള്ള ആശുപത്രികളിലെ സംവിധാനം കൃത്യമായി ക്രമീകരിച്ചിട്ടുണ്ട്. കോവി ഡാനന്തര രോഗങ്ങളുടെ പശ്ചാത്തലത്തിൽ ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കൂടുതലായി ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ എല്ലാ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഈ വർഷം അധികമായുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പേശിവേദന, മസിൽ പിടുത്തും എന്നിവ ഉണ്ടാകുന്നവർക്ക് സ്റ്റീഠ ചേംബർ സന്നിധാനത്ത് ഒരുക്കിയിട്ടുണ്ട്. മലകയറുന്ന പ്രായമുള്ളവർക്ക് നടക്കുമ്പോൾ  ബുദ്ധിമുട്ടനുഭവപ്പെട്ടാൽ അവരെ സഹായിക്കുവാൻ ആരോഗ്യ പ്രവർത്തകരെ വിന്യസിച്ചിട്ടുണ്ട്. ദേവസ്വം ബോർഡ്, കെഎസ്ആർടി  സി , പൊതുമരാമത്ത് തുടങ്ങി എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് കൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടത്തിയിട്ടുളളത്. കോവിഡിന്റെ രണ്ട് വർഷത്തെ ഇടവേള കഴിഞ്ഞുള്ള തീർത്ഥാടന കാലമായതിനാൽ തിരക്ക് മുന്നിൽ കണ്ട് തന്നെ ആരോഗ്യകരവും സുരക്ഷിതവുമായ തീർത്ഥാടന കാലം ഒരുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. നഗരസഭ ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ സിന്ധു അനിൽ,  പത്തനംതിട്ട ഡി എം ഒ  ഡോ. എൽ.  അനിതകുമാരി , സൂപ്രണ്ട് ഡോ എ . അനിത, ആരോഗ്യ കേരളം ഡിപിഎം ഡോ. എസ്. ശ്രീകുമാർ, ആർഎം ഒ ഡോ. ആശിഷ് മോഹൻ കുമാർ, എച്ച് എച്ച് സി മെമ്പർമാരായ പ്രൊഫ. റ്റി.കെ.ജി.നായർ , എം.ജെ.രവി , റെനീസ് മുഹമ്മദ്, ബി. ഷാഹുൽ ഹമീദ്, പി.കെ. ജയപ്രകാശ്, സാം മാത്യു, ബിജു മുസ്തഫ, അൻസാരി എസ് അസീസ് , അഡ്വ. വർഗീസ് മുളയ്ക്കൽ, സുമേഷ് ഐശ്വര്യ എന്നിവർ പങ്കെടുത്തു.