കോട്ടയം: ഡിസംബർ 15 മുതൽ കോട്ടയം നാഗമ്പടം മൈതാനത്ത് ആരംഭിക്കുന്ന എട്ടാമത് കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. കോട്ടയം മാമൻ മാപ്പിള ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം സഹകരണ-സാംസ്‌കാരിക വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന ഉത്പന്നങ്ങൾ പരിചയപ്പെടുന്നതിനും കുടുംബശ്രീ വ്യവസായ സംരംഭങ്ങളുടെ വളർച്ചയ്ക്കും മേള ഉപകരിക്കുമെന്ന് മന്ത്രി പറഞ്ഞു. സരസ് മേളയുടെ ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷയായി. സരസ് തീം മ്യൂസിക് ഓഡിയോ പ്രകാശനം തോമസ് ചാഴികാടൻ എം.പി. നിർവഹിച്ചു. സരസ് മേളയോടനുബന്ധിച്ച് പുറത്തിറക്കുന്ന സമ്മാന കൂപ്പണിന്റെ ആദ്യ വില്പന നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ നിർവഹിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് സരസ് മേള പദ്ധതി വിശദീകരിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ സെക്രട്ടറി മുകേഷ് കെ. മണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ സെക്രട്ടറി അജയൻ കെ. മേനോൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ടോമിച്ചൻ ജോസഫ്, ഓമന ഗോപാലൻ, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ പ്രകാശ് പി. നായർ എന്നിവർ പ്രസംഗിച്ചു. മന്ത്രി വി.എൻ. വാസവൻ മുഖ്യരക്ഷാധികാരിയും എം.പി.മാർ, എം.എൽ.എ.മാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കോട്ടയം നഗരസഭാധ്യക്ഷ എന്നിവർ രക്ഷാധികാരികളും ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ചെയർമാനും കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു. ഒമ്പതു സബ്കമ്മിറ്റികളും രൂപീകരിച്ചു. ജില്ലയിലെ തദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷർ, സിഡിഎസ് ചെയർപേഴ്‌സമാർ, കുടുംബശ്രീ ജില്ലാ മിഷൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. സംഗീത സംവിധായകനായ ഡി. ജയദേവാണ് തീംമ്യൂസിക് തയാറാക്കിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 250 ഗ്രാമീണ സംരംഭങ്ങളുടെ ഉൽപ്പന്നങ്ങൾ മേളയിലൂടെ വാങ്ങാം. 20 സംസ്ഥാനങ്ങളിൽനിന്നായി 65 വനിത സ്വയംസഹായ സംഘങ്ങ ളും 140 കുടുംബശ്രീ സംരംഭങ്ങളും 30 ഐ.ആർ.ഡി.പി. സംരംഭകരും മേളയിൽ പങ്കെടുക്കും. 120 വനിതാ ഷെഫുമാർ പങ്കെടുക്കുന്ന ഇന്ത്യ ഫുഡ് കോർട്ട് ഭക്ഷ്യമേള രുചിവൈവിധ്യങ്ങളുടെ കലവറയൊരുക്കും. എല്ലാ ദിവസവും കലാപരിപാടികൾ അരങ്ങേറും. വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടക്കും.