ആഫ്രിക്കൻ പന്നിപ്പനി: കോട്ടയം ജില്ലയിൽ 13 ഗ്രാമപഞ്ചായത്തുകളും 2 നഗരസഭകളും നിരീക്ഷണ മേഖലയിൽ! ജില്ലയിൽ മുൻകരുതൽ നടപടികൾ ശക്തമാക്കിയതായി ജില്ലാ കളക്ടർ.


കോട്ടയം: കോട്ടയം ജില്ലയിൽ കൂടുതൽ മേഖലകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ മുൻകരുതൽ നടപടികൾ ശക്തമാക്കിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണായ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.

കോട്ടയം ജില്ലയിൽ 13 ഗ്രാമപഞ്ചായത്തുകളും 2 നഗരസഭകളും ആണ് നിരീക്ഷണ മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ  സ്വകാര്യഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന്ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 30 മുതിർന്ന പന്നികളേയും  34 പന്നിക്കുഞ്ഞുങ്ങളേയും ദയാവധം നടത്തി സംസ്ക്കരിച്ചു. രോഗം സ്ഥിരീകരിച്ച പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും പത്തു കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.

ജില്ലയിൽ മീനച്ചിൽ, കൊഴുവനാൽ, മുത്തോലി, ഭരണങ്ങാനം, തിടനാട്, പൂഞ്ഞാർ, മൂന്നിലവ്, കരൂർ, മേലുകാവ്, തലപ്പലം, തീക്കോയി, കടനാട്, രാമപുരം എന്നീ ഗ്രാമപഞ്ചായത്തുകളും ഈരാറ്റുപേട്ട, പാലാ എന്നീ നഗരസഭകളും ആണ് നിരീക്ഷണ മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നത്.