വൈക്കത്തഷ്ടമി: പ്രൗഢഗംഭീരമായ വലിയ ശ്രീബലി ഇന്ന്.

വൈക്കം: വൈക്കത്തഷ്ടമിയുടെ ഏറ്റവും ആകർഷകമാകുന്ന പത്താം ഉത്സവ ദിവസത്തെ പ്രൗഢഗംഭീരമായ വലിയ ശ്രീബലി ഇന്ന്. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ശ്രീബലി ഉച്ചകഴിഞ്ഞു 3 മണിയോടെയാണ് പൂർത്തിയാകുന്നത്. പ്രൗഢികൊണ്ടും ആഡംബരങ്ങൾ കൊണ്ടും അലങ്കാരങ്ങൾ കൊണ്ടും ആകർഷകമാകുന്ന വലിയ ശ്രീബലിയുടെ ദൃശ്യഭംഗി നുകരാൻ ആയിരക്കണക്കിന് ഭക്തർ എത്തും. വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് വലിയ ചട്ടത്തിൽ സർവവിധ അലങ്കാരങ്ങളോടെ തലയെടുപ്പുള്ള ആനപ്പുറത്ത് എഴുന്നള്ളിക്കുന്നതാണ് വലിയ ശ്രീബലിയുടെ പ്രത്യേകത. ഏഴുതരം മാലകൾ, സ്വർണപൂക്കൾ, സ്വർണ ഉദരബന്ധം, രത്നകല്ലുകൾ പതിപ്പിച്ച പതക്കം പട്ടുടയാടകൾ എന്നിവകൊണ്ടാണ് തിടമ്പ് അലങ്കരിക്കുന്നത്. ചെത്തി, ജമന്തി, കൂവളം, മുല്ലപ്പൂവ്, താമര, നാരങ്ങ, രുദ്രാക്ഷം എന്നിവ കൊണ്ടുള്ള മാലകളും ഉപയോഗിക്കും. തിടമ്പ് എഴുന്നള്ളിക്കുന്ന ആനയ്ക്ക് അകമ്പടി നിൽക്കുന്ന രണ്ട് ആനകൾക്ക് സ്വർണ നെറ്റിപ്പട്ടവുമാണ് ഉപയോഗിക്കുന്നത്. പ്രൗഢിയുടെ ഭാഗമാണിത്. 

ചിത്രം: ആനന്ദ് നാരായണൻ.