കോട്ടയം: ജില്ലാ ശിശുക്ഷേമ സമിതിയുടെയും കുറിച്ചി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ശിശുദിന റാലി 2022 നവംബർ 14 ന് കുറിച്ചിയിൽ നടക്കും. ‘നേടിയതൊന്നും പാഴാക്കരുത്, അന്ധവിശ്വാസത്തിനെതിരെ ശാസ്ത്ര പ്രതിരോധം’ എന്നതാണ് ഈ വർഷത്തെ ശിശുദിന ആഘോഷത്തിന്റെ പ്രമേയം.
രാവിലെ 8.30 ന് കുറിച്ചി മന്ദിരം കവലയിലുള്ള സെന്റ് എം. എം. ഗേൾസ് ഹൈസ്‌കൂൾ പരിസരത്തു നിന്നാരംഭിക്കുന്ന റാലി ഔട്ട്പോസ്റ്റ് ജംഗ്ഷനിലുള്ള മാർ ബസേലിയോസ് ഹാളിൽ സമാപിക്കും. യു.പി. വിഭാഗത്തിൽ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ശ്രീയ രാജേഷ് സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. എൽ.പി. വിഭാഗം പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട നിഷാൻ ഷെറീഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഹൈസ്‌കൂൾ വിഭാഗം പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നികേത് മനോജ് സ്പീക്കർ പദവി അലങ്കരിക്കും.