ജില്ലാ ശിശുക്ഷേമ സമിതിയുടേയും കുറിച്ചി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കുറിച്ചിയിൽ വർണാഭമായ ശിശുദിന റാലി നടന്നു.


കോട്ടയം: ജില്ലാ ശിശുക്ഷേമ സമിതിയുടേയും കുറിച്ചി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ശിശുദിന റാലി കുറിച്ചിയിൽ നടന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ റാലിയിലെ തുറന്ന ജീപ്പിൽ കുട്ടികളുടെ പ്രധാനമന്ത്രിയും, സ്പീക്കറും, അധ്യക്ഷയും റാലി കാണാൻ എത്തിയവരെ കൈവീശി അഭിവാദ്യം ചെയ്തു. ശിശുദിന മുദ്രാവാക്യങ്ങളുയർത്തി പ്ലക്കാർഡുകളുമായും ചാച്ചാജിക്ക് ജയ് വിളിച്ചും നെഹ്‌റുവായും ഗാന്ധിയായും ഭാരതാംബയായുമെല്ലാം അണിഞ്ഞൊരുങ്ങിയും നൂറുകണക്കിന് കുട്ടികൾ റാലിയിൽ അണിനിരന്നു. കുറിച്ചി മന്ദിരം സെന്റ് മേരി മഗ്ദലൈൻ ഗേൾസ് ഹൈസ്‌കൂളിൽനിന്ന് ഔട്ട്‌പോസ്റ്റ് ജംഗ്ഷനിലെ മാർ ബസേലിയോസ് ഹാളിലേക്ക് കുട്ടികളുടെ റാലിയിൽ 12 സ്‌കൂളുകളിൽനിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. മാർ ബസേലിയോസ് ഹാളിൽ നടന്ന ശിശുദിന സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി നിഷാൻ ഷെറഫ് (എം.ഡി. എൽ.പി. സ്‌കൂൾ , കോട്ടയം) ഉദ്ഘാടനം ചെയ്തു. ഇത്തിത്താനം എച്ച്.എസ്.എസ്. മലകുന്നം സ്‌കൂളിലെ ശ്രീയാ രാജേഷ് അദ്ധ്യക്ഷയായി. കോട്ടയം എം.ഡി. സെമിനാരി എച്ച്.എസ്.എസിലെ നികേത് മനോജ് സ്പീക്കറായി. കുറിച്ചി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ, വൈസ് പ്രസിഡന്റ് അനീഷ് തോമസ്, സ്ഥിരം സമിതി അധ്യക്ഷരായ സുമ എബി, പ്രീത കുമാരി, അഭിജിത്ത് മോഹനൻ, സ്വാഗതസംഘം കൺവീനറും ഗ്രാമപഞ്ചായത്ത് അംഗവുമായ കെ.ആർ. ഷാജി, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരൻ, കോട്ടയം എ.ഡി.സി (ജനറൽ) ജി. അനീസ്, ശിശുക്ഷേമസമിതി അംഗങ്ങളായ ബി. ആനന്ദക്കുട്ടൻ, ടി. ശശികുമാർ, ഫ്‌ളോറി മാത്യു എന്നിവർ പങ്കെടുത്തു. എൻ.സി.സി., എൻ.എസ്.എസ്., എസ്.പി.സി., സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് അധ്യപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. ശിശു ദിനത്തോട് അനുബന്ധിച്ച് നടന്ന മത്സരങ്ങളിലെ വിജയികളായ കുട്ടികൾക്ക് ഫലകവും സർട്ടിഫിക്കറ്റുകളും നൽകി. ഗവൺമെന്റ് എൽ.പി. സ്‌കൂൾ കുറിച്ചി, ഗവൺമെന്റ് എച്ച്.എസ്.എസ്. കുറിച്ചി, മന്ദിരം സെന്റ് മേരി മഗ്ദലൈൻ ഗേൾസ് ഹൈസ്‌കൂൾ, ഇത്തിത്താനം എച്ച്.എസ്.എസ് . മലകുന്നം, അദ്വൈത വിദ്യാശ്രമം കുറിച്ചി, മഹാത്മാ അയ്യങ്കാളി മെമ്മോറിയൽ ഗവൺമെന്റ് യു.പി. സ്‌കൂൾ കുറിച്ചി, സെന്റ് ജോൺസ് ഗവൺമെന്റ് എൽ.പി. സ്‌കൂൾ ഇത്തിത്താനം, ഇളങ്കാവ് എൽ.പി . സ്‌കൂൾ മലകുന്നം,, ഗവൺമെന്റ് എൽ.പി. സ്‌കൂൾ മലകുന്നം, ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂൾ കുതിരപ്പടി, ലിറ്റിൽ ഫ്‌ളവർ എൽ.പി. സ്‌കൂൾ കുറിച്ചി, സി.എം.എസ്. എൽ.പി.സ്‌കൂൾ കുറിച്ചി എന്നീ സ്‌കൂളുകളിലെ കുട്ടികൾ റാലിയിൽ പങ്കെടുത്തു. ശിശുദിന റാലിയിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന് ഇത്തിത്താനം മലകുന്നം ഹയർ സെക്കൻഡറി സ്‌കൂൾ ഒന്നാം സ്ഥാനവും കുറിച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ രണ്ടാം സ്ഥാനവും കുറിച്ചി മഹാത്മാ അയ്യങ്കാളി സ്‌കൂൾ മൂന്നാം സ്ഥാനവും നേടി.