സർവീസ് ജീവിതത്തിലെ ഏറ്റവും നിറവേകിയ നിമിഷങ്ങളിലൊന്നു സമ്മാനിച്ച ദിനം, തീർത്ഥാടകർ യാത്രയായത് ജീവന്റെ മാധുര്യം ഉള്ള പഞ്ചാമൃത പ്രസാദം സമ്മാനിച്ച്.


പത്തനംതിട്ട: സർവീസ് ജീവിതത്തിലെ ഏറ്റവും നിറവേകിയ നിമിഷങ്ങളിലൊന്നു സമ്മാനിച്ച ദിനമായിരുന്നു കഴിഞ്ഞ ദിവസമെന്നു പത്തനംതിട്ട ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ പറഞ്ഞു. സങ്കീർണ്ണമായ രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയാക്കുമ്പോൾ അപകടത്തിൽപ്പെട്ട തീർത്ഥാടക സംഘത്തിലുണ്ടായിരുന്ന  സഹയാത്രക്കാർക്കും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കി അവരെ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് യാത്രയാക്കുമ്പോൾ നിറകണ്ണുകളോടെ പ്രാർത്ഥനയോടെ അവർ കയ്യിലേന്തിയിരുന്ന പഞ്ചാമൃത പ്രസാദം ഞങ്ങൾക്കു സമ്മാനിച്ചാണ് പോയത്, അതിൽ ജീവന്റെ മാധുര്യം ഉണ്ടായിരുന്നു എന്നും പത്തനംതിട്ട ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ പറഞ്ഞു.

 

കഴിഞ്ഞ ദിവസം രാവിലെയാണ് ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞു അപകടം ഉണ്ടായത്. പത്തനംതിട്ട ളാഹ വഞ്ചി വിളക്ക് വളവിൽ ആണ് അപകടം ഉണ്ടായത്. വിജയവാഡ വെസ്റ്റ് ഗോദാവരി സ്വദേശികൾ സഞ്ചാരിച്ചിരുന്ന ബസ്സ് ആണ് അപകടത്തിൽപെട്ടത്. 44 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. 18 പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ 10 പേരെ പെരുനാട് താലൂക് ആശുപത്രിയിലും ഏഴ് പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും ആണ് പ്രവേശിപ്പിച്ചത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിനും തീര്‍ഥാടകരുടെ തുടര്‍ ചികിത്സയ്ക്കുമുള്ള ക്രമീകരണങ്ങള്‍ ചെയ്തു. തീര്‍ഥാടകര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കി. പോലീസ്, ഫയര്‍ഫോഴ്‌സ്, മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് അതിവേഗം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എട്ടു വയസുകാരനെ ഉടനെ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. ഇപ്പോൾ കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ട് എന്ന് ഡോക്ടർമാർ അറിയിച്ചു.

 

മള്‍ട്ടിപ്പിള്‍ ഇന്‍ജുറിയാണ് കുട്ടിയ്ക്കുണ്ടായത്. ഈ കുട്ടിയുള്‍പ്പെടെ അഞ്ചു പേരേയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേയും കോന്നി മെഡിക്കല്‍ കോളേജിലേയും ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങുന്ന വിപുലമായ സംഘമാണ് പരിശോധനകളും ചികിത്സാ ക്രമീകരണങ്ങളും ഒരുക്കുന്നത്. ബസിലുണ്ടായിരുന്ന പരിക്കേല്‍ക്കാത്തവര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യമൊരുക്കി നൽകുകയും തീർത്ഥാടകർക്ക് നാട്ടിലേക്ക് മടങ്ങുന്നതിനുള്‍പ്പെടെയുള്ള ക്രമീകരണങ്ങളൊരുക്കി നൽകുകയും ചെയ്തു എന്നും ദിവ്യ എസ് അയ്യർ പറഞ്ഞു. 

തീർത്ഥാടകർക്ക് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പകരം യാത്രാ സംവിധാനം ഒരുക്കി നൽകി. അയ്യപ്പ ഭക്തർ കയ്യിലേന്തിയിരുന്ന പഞ്ചാമൃത പ്രസാദം സമ്മാനിച്ചാണ് നാട്ടിലേക്ക് പ്രാർത്ഥനയോടെ നിറകണ്ണുകളോടെ യാത്രയായത്. സർവീസ് ജീവിതത്തിലെ ഏറ്റവും നിറവേകിയ നിമിഷങ്ങളിലൊന്നു സമ്മാനിച്ച ദിനം കൂടിയായിരുന്നു ഇന്നലെ എന്നും സങ്കീർണ്ണമായ രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയാക്കുമ്പോൾ അപകടത്തിൽപ്പെട്ട തീർത്ഥാടക സംഘത്തിലുണ്ടായിരുന്ന  സഹയാത്രക്കാർക്കും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കി അവരെ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് യാത്രയാക്കുമ്പോൾ നിറകണ്ണുകളോടെ പ്രാർത്ഥനയോടെ അവർ കയ്യിലേന്തിയിരുന്ന പഞ്ചാമൃത പ്രസാദം ഞങ്ങൾക്കു സമ്മാനിച്ചാണ് പോയതു എന്നും അതിൽ ജീവന്റെ മാധുര്യം ഉണ്ടായിരുന്നു എന്നും പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ പറഞ്ഞു.