എരുമേലി: എരുമേലി ശബരിമല പാതയിൽ കണമല ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ തീർത്ഥാടകരുടെ ബസ്സിന്‌ രക്ഷയായത് കെ എസ് ആർ ടി സി ആലുവ ഡിപ്പോയിലെ ബസ്സ് ജീവനക്കാരുടെ സമയോചിത ഇടപെടൽ. വെള്ളിയാഴ്ച രാവിലെ എരുമേലി ശബരിമല പാതയിൽ കണമല ഇറക്കത്തിലാണ് അപകടം ഉണ്ടായത്.

 

ആന്ദ്രാപ്രദേശിൽ നിന്നും തീർത്ഥാടകരുമായെത്തിയ ബസ്സിന്റെ നിയന്ത്രണം കണമല ഇറക്കത്തിൽ വെച്ച് നഷ്ടപ്പെടുകയായിരുന്നു. നിയന്ത്രണംവിട്ട ബസ്സിൽ തീർത്ഥാടകരുടെ നിലവിളി ഉയരുകയായിരുന്നു. ഈ ബസ്സിന്‌ മുൻപിലായി പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സ് ഡ്രൈവർ കണ്ടക്ടറുമായി ഞൊടിയിടയിൽ കെ എസ് ആർ ടി സി ബസ്സ് നിർത്തിക്കൊടുക്കുകയായിരുന്നു. നിയന്ത്രണംവിട്ട തീർത്ഥാടകരുടെ ബസ്സ് കെ എസ് ആർ ടി സി ബസ്സിൽ ഇടിച്ചു നിൽക്കുകയായിരുന്നു. കെ എസ് ആർ ടി സി ബസ്സ് ഡ്രൈവറുടെ സമയോചിത ഇടപെടലാണ് നിരവധി ജീവനുകൾ പൊലിയാമായിരുന്ന വലിയ അപകടത്തിൽ നിന്നും തീർത്ഥാടകരെ രക്ഷിച്ചത്.

 

എറണാകുളത്തു നിന്നും പമ്പയിലേക്ക് വന്ന സ്‌പെഷ്യൽ സർവീസ് ബസ്സ് ആയിരുന്നു. റോഡിന്റെ ഒരു വശം ഈ മേഖലയിൽ താഴ്ചയാണ്. നിയന്ത്രണം നഷ്ടമായ ബസ്സ് താഴ്ചയിലേക്ക് മറിഞ്ഞിരുന്നെങ്കിലോ കണമല കവലയിലേക്കോ എത്തിയിരുന്നെങ്കിലും നടുക്കുന്ന അപകടത്തിന് നാട് സാക്ഷിയായേനെ. പോലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. 

സംഭവത്തിൽ കെ എസ് ആർ ടി സി ബസിനുണ്ടായ നഷ്ടം നൽകി തീർത്ഥാടകർ ശബരിമല ദർശനത്തിന് പോയതായി എരുമേലി കെ എസ് ആർ ടി സി അധികൃതർ പറഞ്ഞു. ശബരിമല തീർത്ഥാടന കാലത്ത് തീർത്ഥാടകരുടെ പേടി സ്വപ്നമാണ് കണമല ഇറക്കം. മുൻവർഷങ്ങളിലും തീർത്ഥാടകരുടെ വാഹനങ്ങൾ കണമല ഇറക്കത്തിൽ അപകടത്തിൽപ്പെട്ടിട്ടുണ്ട്.