കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി നിര്‍വഹണം ഉള്‍പ്പെടെ അവലോകനം ചെയ്യുന്നതിനും സര്‍ക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും ആവിഷ്കരിച്ച വിവിധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നവകേരള തദ്ദേശകം 2.0 എന്ന പേരില്‍ കോട്ടയം ജില്ലാ തല യോഗം ചേർന്നു.
എല്ലാ തദ്ദേശസ്ഥാപന അധ്യക്ഷന്മാരും സെക്രട്ടറിമാരും, ജില്ലാ ആസൂത്രണ സമിതിയുടെ ഭാഗമായ ജില്ലാ കളക്ടര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍മാര്, ജില്ലാ തല വകുപ്പ് മേധാവിമാര്‍, സര്‍ക്കാര്‍ പ്രതിനിധി, ഫെസിലിറ്റേറ്റര്‍മാരുമാണ് യോഗത്തില്‍ പങ്കെടുത്തത്. സംസ്ഥാനതലത്തിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മെച്ചപ്പെട്ട പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ നവകേരള തദ്ദേശകം 2.0 സഹായകരമാകും. മാലിന്യപ്രശ്നം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്തേണ്ടവരാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭാരവാഹികള്‍. പുതിയ വികസന സങ്കല്‍പ്പങ്ങളും പദ്ധതികളും അവരുമായി ചര്‍ച്ച ചെയ്യുന്നത് നാടിന്‍റെ മുന്നോട്ടുപോക്കിന് അനിവാര്യമാണ്.
വാര്‍ഷിക പദ്ധതി നിര്‍വഹണത്തിന്‍റെ അവലോകനം, അതിദാരിദ്രം അവസാനിപ്പിക്കാനുള്ള പദ്ധതിയുടെ പുരോഗതി, വാതില്‍പ്പടി സേവനം, ശുചിത്വ കേരളത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍, ആയിരത്തില്‍ അഞ്ച് പേര്‍ക്ക് തൊഴില്‍ നല്‍കാനുള്ള പദ്ധതിയുടെ പുരോഗതിയും തൊഴില്‍സഭകളും, മനസോടിത്തിരി മണ്ണും ലൈഫ് പദ്ധതിയും, ലഹരിമുക്ത കേരളത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍, കുടുംബശ്രീയും ഷീ സ്റ്റാര്‍ട്ട്സും, ഡിജിറ്റല്‍ ഗവേണൻസും ഐഎല്‍ജിഎംഎസും ഫയല്‍ തീര്‍പ്പാക്കലും, ആസ്തി രജിസ്റ്റര്‍ പുതുക്കല്‍, ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പ് തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിണ് യോഗത്തിലെ ചര്‍ച്ചകള്‍.