കോട്ടയം: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്കാരം കരസ്ഥമാക്കി കോട്ടയം കിടങ്ങൂർ സ്വദേശിനി ഷീലാ റാണി.
രാജ്യത്തെ പരമോന്നത നേഴ്സിംഗ് പുരസ്കാരമായ 2021ലെ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് ആണ് കോട്ടയം കിടങ്ങൂർ സ്വദേശിനി വൈക്കത്തുശ്ശേരിൽ ജയചന്ദ്രന്റെ ഭാര്യ ഷീലാ റാണി കരസ്ഥമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാഷ്ട്രപതി ഭവനനിൽ വെച്ച് നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും ഷീലാ റാണി പുരസ്കാരം ഏറ്റുവാങ്ങി.
രാജ്യത്ത് ആദ്യമായിട്ടാണ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ നഴ്സുമാരെ ദേശീയ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡിലേക്ക് പരിഗണിക്കുന്നത്. കേരളത്തിൽ നിന്ന് ദേശീയ ഫ്ലോറൻസ് നൈറ്റിംഗേൽ അംഗീകാരം ലഭിച്ചത് 2 പേർക്കാണ്. പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ വിഭാഗത്തിൽ പുരസ്‌കാരത്തിനായി അർഹയാകുന്ന ഏക വ്യക്തിയും ആദ്യ വ്യക്തിയുമാണ് കിടങ്ങൂർ സ്വദേശിനിയായ ഷീല റാണി.
കിടങ്ങൂർ ഗ്രാമ പഞ്ചായത്തിൽ കൂടല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പെയിൻ ആൻഡ് പാലിയേറ്റീവ് സാന്ത്വന പരിചരണ വിഭാഗത്തിൽ നേഴ്സായി ജോലി ചെയ്യുകയാണ് ഷീലാ റാണി. ഷീലാ റാണിക്കൊപ്പം കൊല്ലം ജില്ലാ ആശുപത്രിയിലെ നേഴ്‌സിങ് സൂപ്രണ്ട് കൊല്ലം കുര്യപ്പള്ളി സ്വദേശി സൂസൻ ചാക്കോയുമാണ് പുരസ്‌കാരത്തിന് അർഹരായത്.