കോട്ടയം: മത്സ്യഫെഡ് അദാലത്ത് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വഴി ജില്ലയിൽ തീർപ്പാക്കിയത് 87 അപേക്ഷകൾ. മത്സ്യ തൊഴിലാളി ക്ഷേമത്തിനായി സംസ്ഥാന സർക്കാർ അനുവദിച്ച വിവിധ വായ്പാ പദ്ധതികളുടെ കുടിശ്ശിക തുക തീർപ്പാക്കുന്നതിന്റെ ഭാഗമായാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി സംഘടിപ്പിച്ചത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ നിർവ്വഹിച്ചു.
വൈക്കം മുൻസിപ്പൽ ജി ടെക് ഹാളിൽ നടന്ന ചടങ്ങിൽ മത്സ്യഫെഡ് ഭരണ സമിതി അംഗം ശ്രീവിദ്യാ സുമോദ് അധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് മാനേജിങ് ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. മത്സ്യ തൊഴിലാളികൾക്ക് മത്സ്യ ബന്ധന ഉപകരണങ്ങൾക്കായും സ്വയം തൊഴിൽ വായ്പയ്ക്കായും ഐ എഫ് ഡി പി, ടേം ലോൺ തുടങ്ങിയ പദ്ധതികൾ വഴി സർക്കാർ നൽകിയ വായ്പയിന്മേലുള്ള പലിശയും പിഴപ്പലിശയും പൂർണമായും ഒഴിവാക്കി വായ്പ തിരിച്ചയക്കാനുള്ള അവസരമാണ് അദാലത്തിലൂടെ നൽകിയത്.
തിരിച്ചടവിന് മൂന്ന് മാസത്തെ സമയ പരിധിയാണ് നിഷ്കർഷിച്ചിരിക്കുന്നത്. ജില്ലയിൽ ഐ എഫ് ഡി പി പദ്ധതി വഴി 80 അപേക്ഷകളും ടേം ലോൺ പദ്ധതി വഴി ഏഴ് അപേക്ഷകളുമാണ് തീർപ്പാക്കിയത്. മത്സ്യഫെഡ് ഡെപ്യൂട്ടി ജനറൽ മാനേജർമാരായ എൻ അനിൽ, പി നിഷ, മത്സ്യഫെഡ് കോട്ടയം ജില്ലാ മാനേജർ ബി ഷാനവാസ് ഖാൻ എന്നിവർ പങ്കെടുത്തു.