കോട്ടയം: ജലാശയങ്ങളിലെ പോള ശല്യം പരിഹരിക്കാൻ കൈയിലൊതുങ്ങുന്ന ഉപകരണങ്ങൾ യാഥാർഥ്യമാകുന്നു. കൃഷി ശാസ്ത്രജ്ഞ കൂടിയായ കോട്ടയം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ ആവശ്യപ്രകാരം തിരുവനന്തപുരം ബാർട്ടൻഹിൽ ഗവൺമെന്റ് എൻജിനീയറിങ് കോളജ് ട്രാൻസ്ലേഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്ററിന്റെയും കാർഷിക സർവകലാശാലയ്ക്കു കീഴിലുള്ള കുമരകം കൃഷിവിഞ്ജാന കേന്ദ്രത്തിന്റെയും നേതൃത്വത്തിലാണ് ഉപകരണങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതി തയാറാക്കിയത്.
ഒരു വർഷത്തോളം നടന്ന ഗവേഷണത്തെത്തുടർന്ന് വികസിപ്പിച്ചമൂന്നു രീതിയിൽ ഉപയോഗിക്കാവുന്ന ഉപകരണങ്ങളുടെ പ്രാഥമിക പരീക്ഷണങ്ങൾ ആരംഭിച്ചു. കളക്ടറുടെ നേതൃത്വത്തിൽ കുമരകം കാർഷിക വിജ്ഞാന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ടി.പി.എൽ.സി. കോ-ഓർഡിനേറ്റർ ഡോ. ആർ. സുജ ഉപകരണങ്ങൾ പരിചയപ്പെടുത്തി. തോടുകളിലും നദികളിലും നീരൊഴുക്കിനും ഗതാഗതത്തിനും ഉൾനാടൻ മത്സ്യബന്ധനത്തിനും തടസം സൃഷ്ടിക്കുകയും ജലമലിനീകരണത്തിനു കാരണമാകുകയും ചെയ്യുന്ന കുളവാഴ, ആഫ്രിക്കൻ പായൽ എന്നിവ നീക്കം ചെയ്യാൻ ജനങ്ങൾക്ക് അനായാസം സാധിക്കുന്ന തരത്തിലാണ് ഉപകരണത്തിന്റെ രൂപകൽപ്പന. കരയിൽ നിന്നുകൊണ്ട് തന്നെ അകലെയുള്ള പോളയും പായലും കരയ്ക്ക് അടുപ്പിച്ച് നീക്കം ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള മൂന്നുതരം ഉപകരണങ്ങളാണ് അവതരിപ്പിച്ചത്. അവശ്യാനുസരണം നീളം കൂട്ടാനും കുറയ്ക്കാനും കഴിയുന്ന ടെലസ്‌കോപ്പിക് സാങ്കേതിക വിദ്യയാണ് ഉപകരണത്തിന്റെ നിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
ഇതുമൂലം തോടുകളിൽ ഇറങ്ങാതെ തന്നെ പായലുകളും മാലിന്യങ്ങളും നീക്കം ചെയ്യാൻ സാധിക്കും. ഇതിന്റെ ഭാഗമായി ഉപകരണത്തിന്റെ ഉപയോഗക്ഷമത പരിശോധിക്കാനായി കുമരകത്തെ തോടുകളിൽ ട്രയൽ നടന്നു. ഇത്തരത്തിൽ നീക്കം ചെയ്യുന്ന പോളയും പായലും വളമാക്കി മാറ്റി കൃഷി വിജ്ഞാൻ കേന്ദ്രത്തിന്റെ പേരിൽ തന്നെ പുറത്തിറക്കാനുള്ള സാധ്യതകളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. ജലാശയങ്ങളിലെ പോളയും പായലും നീക്കം ചെയ്യാൻ വൻതുകയാണ് വർഷാവർഷം ചെലവാകുന്നത്. എന്നാൽ നീക്കം ചെയ്ത് ആഴ്ചകൾക്കകം ഇവ വീണ്ടും നിറയുന്ന സാഹചര്യമാണുള്ളത്.
കായലിൽ നിന്നും ഉപ്പു വെള്ളം കയറുന്ന സമയമാകുമ്പോൾ പോളയും പായലും ചീഞ്ഞ് ജലം മലിനമാകുന്നതും ദുർഗന്ധം പരക്കുന്നതും പതിവാണ്. ഇവ പകർച്ചവ്യാധി അടക്കമുള്ള പല രോഗങ്ങൾക്കും കാരണമാകുന്നുണ്ട്. അതിനാൽ കുറഞ്ഞ ചെലവിൽ പോളയും പായലും പൊതുജനങ്ങൾക്ക് അനായാസം നീക്കം ചെയ്യാൻ സാധിക്കുന്ന സാഹചര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. തെങ്ങുകയറ്റ ഉപകരണം പോലെ ജനങ്ങൾക്ക് അനായാസം ഉപയോഗിക്കാൻ കഴിയുന്ന ഉപകരണങ്ങൾ ഏറെ താമസിക്കാതെ തന്നെ ഇതിലൂടെ ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കളക്ടർ പറഞ്ഞു.
കാർഷിക വിജ്ഞാന കേന്ദ്രം ഡയറക്ടർ ഡോ. ജി. ജയലക്ഷ്മി, ടി.പി.എൽ.സി. അസിസ്റ്റന്റ് പ്രൊഫസർ സി. ആർ. രാജലക്ഷ്മി, ടി.പി.എൽ.സി. പ്രോജക്ട് മാനേജർ ബി.എസ്. ലക്ഷ്മി, പ്രോജക്ട് സ്റ്റാഫ് ശബരിനാഥ് എന്നിവർ പങ്കെടുത്തു.