മികച്ച ചിത്രകാരിയും ഫാഷന്‍ ഡിസൈനറും, മസ്‌കുലാര്‍ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ച മെറിൻ കോട്ടയത്തെത്തിയ ആരോഗ്യ മന്ത്രിക്ക് സമ്മാനിച്ചത് ജീവൻ തുടിക്കുന്ന ച


കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയ ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനെ കാത്തിരുന്നത് ജീവൻ തുടിക്കുന്ന തന്റെ ചിത്രം. മസ്‌കുലാര്‍ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ച കോട്ടയം സ്വദേശിനി മെറിൻ മേരി ജെയിംസ്(24) ആണ് ജീവൻ തുടിക്കുന്ന ചിത്രം ആരോഗ്യ മന്ത്രിക്ക് വരച്ചു സമ്മാനിച്ചത്. 

കോട്ടയം പാലാ മരങ്ങാട്ടുപിള്ളി കുറുപ്പഞ്ചേരി വീട്ടിൽ ജെയിംസ്-ടെസ്സി ദമ്പതികളുടെ മകളാണ് മെറിൻ. കോട്ടയം മെഡിക്കൽ കോളേജിലെ വിവിധ പദ്ധതികളുടെ ഉൽഘാടന വേദിക്ക് സമീപം വീൽ ചെയറിൽ എത്തിയാണ് താൻ വരച്ച ചിത്രം ആരോഗ്യ മന്ത്രി വീണാ ജോർജ്ജിന് മെറിൻ സമ്മാനിച്ചത്. മസ്‌കുലാര്‍ ഡിസ്ട്രോഫി എന്ന രോഗം മൂലമാണ് മെറിന് കാലുകള്‍ക്ക് ചലനശേഷി നഷ്ടപ്പെട്ടത്. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ ഒന്നൊന്നായി അതിജീവിച്ചു മറ്റു പലർക്കും പ്രചോദനമായി വിജയിച്ചു നീങ്ങുകയാണ് ഇന്ന് മെറിൻ. 

മികച്ച ചിത്രകാരിയും ഫാഷൻ ഡിസൈനറുമാണ് മെറിൻ. പാലാ അൽഫോൻസാ കോളേജിൽ നിന്നുമാണ് മെറിൻ ഫാഷൻ ടെക്‌നോളജിയിൽ ബിരുദം കരസ്ഥമാക്കിയത്. ഇതിനോടകം തന്നെ നിരവധി ചിത്രങ്ങൾ മെറിൻ വരച്ചു കഴിഞ്ഞു. ചിത്ര രചനാ ക്യാമ്പുകളിലും സജീവ സാന്നിധ്യമാണ് മെറിൻ. സാധാരണ കുട്ടിയായി ജനിച്ച മെറിന് 5 വയസ്സ് പ്രായമായതോടെയാണ് മസിലുകൾ ചുരുങ്ങുന്ന രോഗാവസ്ഥയായ മസ്‌കുലാര്‍ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ചതായി കണ്ടെത്തുന്നത്. 

തുടക്കത്തിൽ കൈകൾക്ക് മാത്രമായിരുന്നു ചലനശേഷി നഷ്ടമായിരുന്നതെങ്കിൽ പിന്നീട് പലപ്പോഴായി അരയ്ക്ക് താഴേക്ക് ചലനശേഷി കുറയുകയായിരുന്നു. ഇപ്പോൾ വീൽ ചെയറിന്റെ സഹായത്താലാണ് യാത്രകൾ. ഫാഷൻ ഡിസൈനിങ്ങിൽ ബിരുദം കരസ്ഥമാക്കിയ മെറിൻ അഴകേറിയ ഫാഷൻ വസ്ത്രങ്ങൾ തയ്യാറാക്കാറുണ്ട്. സംസ്ഥാന സ്വാന്ത്വന പരിചരണ ദിനാചരണത്തിന്റെ ഭാഗമായി മെറിന് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെയും ദേശീയ ആരോഗ്യ ദൗത്യം വഴിയായും ഇലക്ട്രോണിക് വീൽ ചെയർ സമ്മാനിച്ചിരുന്നു. 

മെറിന്റെ വസ്ത്രങ്ങളിൽ രൂപപ്പെടുന്നത് സ്വപ്നങ്ങളാണ്. സ്വപ്നങ്ങളെ വസ്ത്രങ്ങളിൽ ചേർത്ത് വെക്കുകയാണ് മെറിൻ. മരങ്ങാട്ടുപിള്ളിയിൽ ടെസീനാ ട്രെൻഡ്‌സ് എന്ന വസ്ത്ര വ്യാപാര കേന്ദ്രത്തിൽ മെറിൻ ഡിസൈൻ ചെയ്യുന്ന അഴകേറിയ വസ്ത്രങ്ങൾക്ക് ആവശ്യക്കാരേറെയാണ്. ദീപക്-ദീപു എന്നിവരാണ് മെറിന്റെ സഹോദരങ്ങൾ. പ്രതിസന്ധി ഘട്ടങ്ങളെ പുഞ്ചിരിയോടെ തരണം ചെയ്തു മറ്റുള്ളവർക്കും വിജയ പാതയിൽ പ്രചോദനമായി മാറുന്ന മെറിന് കോട്ടയത്തിന്റെ ആശംസകൾ.