ഗവർണ്ണർ സ്ഥാനത്തെത്തുന്ന ഇരുപതാമത്തെ മലയാളി, ആശയങ്ങളുടെ തമ്പുരാൻ,ഇൻസ്പയേഡ് സിവിൽ സെർവന്റ്, കോട്ടയം മാന്നാനം സ്വദേശി ആനന്ദബോസ് ബംഗാൾ ഗവർണ്ണർ.


കോട്ടയം: കോട്ടയം മാന്നാനം സ്വദേശിയായ മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ.സി വി ആനന്ദബോസിനെ രാഷ്ട്രപതി ബംഗാൾ ഗവർണറായി നിയമിച്ചു. ഇതോടെ ഗവർണ്ണർ സ്ഥാനത്തെത്തുന്ന ഇരുപതാമത്തെ മലയാളിയാണ് ഡോ സി വി ആനന്ദബോസ്. ചീഫ് സെക്രട്ടറി റാങ്കിലാണ് ആനന്ദബോസ് സർവ്വീസിൽ നിന്നും വിരമിച്ചത്.

 

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി യിൽ ചേർന്ന ആനന്ദബോസ് വൈസ് ചാൻസലർ,അണുശക്തി വകുപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ തുടങ്ങി നിരവധി മേഖലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബംഗാൾ ഗവർണറായിരുന്ന ജഗ്ധീപ് ധൻകർ ഉപരാഷ്ട്രപതിയായതിന്റെ ഒഴിവിലാണ് സിവി ആനന്ദബോസിനെ ബംഗാൾ ഗവർണറായി രാഷ്ട്രപതി നിയമിച്ചത്. മാൻ ഓഫ് ഐഡിയാസ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇൻസ്പയേഡ് സിവിൽ സെർവന്റ് എന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും ആശയങ്ങളുടെ തമ്പുരാൻ എന്ന് സംസ്ഥാന സർക്കാരും വിളിപ്പേര് നൽകി ആദരിച്ച വ്യക്തിയാണ് സി വി ആനന്ദബോസ്.

 

1977 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനാണ്. നിലവില്‍ മണിപ്പൂര്‍ ഗവര്‍ണര്‍ എല്‍. ഗണേശിനാണ് ബംഗാളിന്റെ താത്കാലിക ചുമതല നല്‍കിയിരിക്കുന്നത്. ചീഫ് സെക്രട്ടറി റാങ്കില്‍ വിരമിച്ച ആനന്ദബോസ് നിലവില്‍ മേഘാലയ സര്‍ക്കാരിന്റെ ഉപദേശകനായി പ്രവര്‍ത്തിക്കുകയായിരുന്നു. ജില്ലാകളക്ടര്‍, വിവിധ മന്ത്രാലയങ്ങളില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും അഡിഷണല്‍ ചീഫ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര വിദഗ്ധ സമിതിയുടെ ചെയര്‍മാനായിരുന്നു.

ചെറുകഥകൾ, നോവലുകൾ, കവിതകൾ, ലേഖനങ്ങൾ തുടങ്ങി ഹിന്ദി,ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി 32 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.കോട്ടയം മാന്നാനത്ത് ചിറ്റേഴത്ത് വീട്ടിൽ വാസുദേവൻ നായരുടെയും പാർവതിയമ്മയുടെയും മകനാണ് സി വി ആനന്ദബോസ്. പിതാവ് വാസുദേവൻ നായർ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. മാതാവ് പാര്വതിയമ്മ പോസ്റ്റ് മിസ്ട്രസ് ആയിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്ത ബിരുദം കരസ്ഥമാക്കിയ ബോസ് അധ്യാപകനായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 

തുടർന്ന് എസ്ബിഐ ബാങ്കിൽ ജോലി ലഭിക്കുകയും തുടർന്ന് ഐഎഎസ് നേടുകയുമായിരുന്നു. 1977 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ ആനന്ദ ബോസിന് കാസർഗോഡ് സബ് കലക്ടറായായിരുന്നു ആദ്യ നിയമനം ലഭിച്ചത്. കൊല്ലം ജില്ലാ കളക്ടറുമായിരുന്നു.